
പെരുമ്പാവൂർ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന് തൊഴിലുറപ്പ് പദ്ധതിയിലെ രണ്ടു കോടി രൂപയോളം കുടിശികയായതിനാൽ പല പദ്ധതികളും താളം തെറ്റുന്ന സാഹചര്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അൻവർ അലിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ അനു കുമാറിന് നിവേദനം നൽകി. . ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വെങ്ങോല, വാഴക്കുളം, കീഴ്മാട്, ചൂർണിക്കര, എടത്തല, കിഴക്കമ്പലം എന്നീ പഞ്ചായത്തുകളിലായി ഏറ്റവും ദരിദ്രരായ പതിനായിരത്തിലധികം ആളുകളാണ് തൊഴിലുറപ്പ് പദ്ധതിയെ ഉപജീവനമാർഗമായി ജോലിയെടുക്കുന്നുണ്ട്.
എന്നാൽ പദ്ധതി മുഖേനയുള്ള വിദഗ്ദ്ധ തൊഴിൽ വേതന ഘടകത്തിലും സാധന വേതന ഘടകത്തിലും ഉൾപ്പെടുത്തിയ രണ്ട് കോടിയിൽ അധികം രൂപ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന് ഇനിയും ലഭിക്കാനുണ്ട്. ഇത്തരത്തിൽ ഫണ്ട് ലഭിക്കാനുള്ള കാലതാമസം ഗ്രാമപഞ്ചായത്തുകളിൽ മികച്ച പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും ഏറ്റെടുത്ത പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനും വിഘാതം സൃഷ്ടിക്കുന്നതായി പ്രസിഡന്റ് കെ.എം അൻവർ അലി പറഞ്ഞു.
വിഷയത്തിൽ അടിയന്തരമായി നേരിട്ട് ഇടപെടുമെന്നും പരിഹാരം കാണുമെന്നും മിഷൻ ഡയറക്ടർ ഉറപ്പ് നൽകിയതായും ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ ശർമിള മേരിജോസഫ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.ജെ. ജോയ്, എം.എൻ .ആർ.ജി.എസ് ജോയിന്റ് ഡവലപ്‌മെന്റ് കമ്മിഷണർ പി. ബാലചന്ദ്രൻ നായർ, ബി.ഡി.ഒ സതി കെ. വി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീജപുളിക്കൽ, ഷാജിത നൗഷാദ്, ജോയിന്റ് ബി.ഡി.ഒ യമുന എന്നിവർ പങ്കെടുത്തു.