തൃപ്പൂണിത്തുറ: പെരുമ്പളം ദ്വീപിലെത്താൻ ഇപ്പോൾ ബോട്ട് മാത്രമാണ് ആശ്രയം. പെരുമ്പളം വാത്തിക്കാട് പൂത്തോട്ട, പെരുമ്പളം മാർക്കറ്റ് പാണാവള്ളി റൂട്ടുകളിൽ ജങ്കാർ ഉള്ളതാണ്. എന്നാൽ ഇരുറൂട്ടുകളിലും ജങ്കാർ പണിമുടക്കിയിട്ട് ദിവസങ്ങളായി. അതിനാൽ നിലവിൽ ബോട്ടിലല്ലാതെ പെരുമ്പളത്ത് വാഹനത്തിൽ എത്താൻ പറ്റാത്ത അവസ്ഥ.
പെരുമ്പളം വാത്തിക്കാട് പൂത്തോട്ട റൂട്ടിൽ ജങ്കാർ സർവീസ് മുടങ്ങിയിട്ട് രണ്ടുമാസമായി. പെരുമ്പളം മാർക്കറ്റ് പാണാവള്ളി റൂട്ടിൽ ഡിസംബർ 19 മുതൽ ജങ്കാർ അറ്റകുറ്റപ്പണിയിലുമാണ്.
കഴിഞ്ഞദിവസം അടിയന്തരമായി ഡയാലിസിസ് വേണ്ടിവന്ന കിഴക്കേ വൈലോപ്പിള്ളി മോഹനൻ നായരുടെ ഭാര്യ വിജയകുമാരി (61) ജങ്കാർ സർവീസ് ഇല്ലാത്തതിനാൽ ബോട്ടിനെ ആശ്രയിക്കുകയും ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരിക്കുകയും ചെയ്തു. ഏതെങ്കിലും റൂട്ടിൽ ജങ്കാർ സർവീസ് ഉണ്ടായിരുന്നെങ്കിൽ ഒരു ജീവൻ രക്ഷിക്കുവാൻ കഴിയുമായിരുന്നെന്ന് ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ആർ. സോമനാഥൻ ആരോപിച്ചു. പക്ഷേ 24 മണിക്കൂറും സർവീസ് നടത്തുന്ന റെസ്ക്യൂ ബോട്ട് രോഗി ഉപയോഗിച്ചില്ല എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആശയുടെ വാദം.
പൊളിഞ്ഞ് പാളീസായി നാലു റോഡുകൾ
പെരുമ്പളം ന്യൂ സൗത്ത് - പട്ടയക്കാട്, മാർക്കറ്റ് -വാത്തിക്കാട്, മാർക്കറ്റ് - ആശുപത്രി, കൊട്ടങ്ങാപ്പറമ്പ് -കാളത്തോട് തുടങ്ങിയ പെരുമ്പളത്തെ റോഡുകൾ കാൽനടയാത്രയ്ക്ക് പോലും പറ്റാത്ത വിധം താറുമാറായി കിടക്കുകയാണ്. പല റോഡുകളിലും ഓട്ടോറിക്ഷകൾ സർവീസ് നിർത്തി വച്ചിരിക്കുകയാണ്. നാലാം വാർഡ് മെമ്പർ ഷൈലജ ശശികുമാർ കഴിഞ്ഞ ദിവസമാണ് ഇരുചക്ര വാഹനത്തിൽ നിന്ന് വീണ് പരിക്കേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ തേടിയത്. പൊളിച്ചു കൊണ്ടിരിക്കുന്ന കാപ്പിക്കോ റിസോർട്ടിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് റോഡുകൾ നിർമ്മിക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യം പഞ്ചായത്ത് തള്ളിക്കളഞ്ഞു.
വൈകാതെ വരുമോ വേഗ?
പെരുമ്പളത്തു നിന്ന് എറണാകുളം, ഇടക്കൊച്ചി, ചെങ്ങന്നൂർ എന്നീ റൂട്ടുകളിലേക്കുള്ള ബോട്ടുകൾ നിർത്തിയിട്ട് വർഷങ്ങളായി. വൈക്കം എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വേഗ സർവീസ് കൊവിഡ് വന്നതോടെ നിലച്ചു. എറണാകുളം നഗരത്തിൽ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും പോകുന്നവർക്ക് ഏറെ ആശ്വാസമായിരുന്നു വേഗ. വൈക്കം, മണപ്പുറം, പെരുമ്പളം, പാണാവള്ളി, കുമ്പളം വഴി രാവിലെയും വൈകിട്ടും രണ്ട് സർവീസ് ഉണ്ടായിരുന്നു. ബാക്കി സമയങ്ങളിൽ എറണാകുളം മേഖലയിൽ ഓടും. ഏകദേശം 70 ലക്ഷത്തിലധികം രൂപ മുടക്കി പഴയ അരൂക്കുറ്റി ചൗക്കയിലെ ബോട്ട് ജെട്ടി പുനർനിർമ്മിച്ച് വേഗയ്ക്കായി അരൂക്കുറ്റി നിവാസികൾ കാത്തിരിപ്പ് തുടരുകയാണ്.
...............................................
രണ്ടു റൂട്ടിലും ജങ്കാർ ഓടുമ്പോഴുള്ള പ്രതിദിന നഷ്ടം നികത്താൻ പഞ്ചായത്ത് ഫണ്ട് വക മാറ്റുകയാണ്. അതിനാൽ ഒറ്റപ്പെട്ട ദ്വീപ് പഞ്ചായത്തിന് സർക്കാർ പ്രത്യേക ഗ്രാൻഡ് അനുവദിക്കണം.
എം.എസ്. ദേവരാജ്, പൊതുപ്രവർത്തകൻ