കൊച്ചി: എറണാകുളം നിയമസഭാ നിയോജകമണ്ഡലത്തിലെ പ്രൈമറി സ്‌കൂൾ വിദ്യാർഥികൾക്കായി ടി.ജെ.വിനോദ് എം.എൽ.എ വിഭാവനം ചെയ്ത പ്രഭാത ഭക്ഷണ പദ്ധതിയായ ഗുഡ് മോർണിംഗ് എറണാകുളം കൊച്ചി കോർപറേഷൻ മേയർ അഡ്വ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കക്ഷി രാഷ്ട്രീയത്തിനതീമായി ജനപ്രതിധിനിധികൾ തമ്മിലുള്ള സഹകരണവും ആശയവിനിമയവും കൊച്ചി നഗരത്തിന്റെ വികസനത്തിനുള്ള ചാലക ശക്തിയാകുമെന്നും ഇത്തരത്തിലുള്ള ഇഴയടുപ്പത്തിന് ഉത്തമോദാഹരണമാണ് ഈ പദ്ധതിയെന്നും മേയർ അനിൽകുമാർ പറഞ്ഞു.
എറണാകുളം ഗവ.ഗേൾസ് ഹൈസ്‌കൂളിൽ വച്ച് നടന്ന ചടങ്ങിൽ മിനി സ്‌ക്രീൻ താരം ഡോ.റോബിൻ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. എറണാകുളം നിയോജകമണ്ഡലത്തിലെ 38 വിദ്യാലയങ്ങളിലായി ഏകദേശം ഏഴായിരത്തോളം വിദ്യാർത്ഥികൾ പദ്ധതിയുടെ ഗുണഭോകതാക്കളാണ്. ബി.പി.സി.എല്ലിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത് എന്ന് ടി.ജെ.വിനോദ് എം.എൽ.എ പറഞ്ഞു. ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ്, ബി.പി.സി.എൽ ജനറൽ മാനേജർ ജോർജ് തോമസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സതീഷ്‌കുമാർ, ടി.യു. സാദത്ത്, ഹെഡ്മാസ്റ്റർ സാബു ജേക്കബ്, ഹെഡ്മിസ്‌ട്രെസ് കെ.കെ. ജയ തുടങ്ങിയവർ സംസാരിച്ചു.