antidrug

കൊച്ചി: ജാമ്യത്തിലിറങ്ങി ലഹരിക്കച്ചവടം തുടർന്നാൽ ഇനി കരുതൽ തടങ്കൽ ! മാരകലഹരിവസ്തുക്കളുടെ വില്പനക്കേസുകളിൽ പിടിയിലാകുന്നവരിൽ കുറ്രം ആവർത്തിക്കുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതോടെ പിറ്റ് എൻ.ഡി.പി.എസ് ആക്ട് (പ്രിവൻഷൻ ഒഫ്‌ ഇല്ലിസിറ്റ്‌ ട്രാഫിക്ക്‌ ഇൻ നർകോട്ടിക്‌ ഡ്രഗ്‌സ്‌ ആൻഡ് സൈക്കോട്രോപ്പിക്ക്‌ സബ്‌സ്‌റ്റാൻസസ്‌ ആക്ട്) നടപ്പാക്കാൻ എക്സൈസ് തീരുമാനിച്ചു. 72 പേരുടെ പട്ടിക തയ്യാറാക്കി സമർപ്പിച്ച ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. സർക്കാരിന്റെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എക്സൈസ്.

കാപ്പ മാതൃകയിലുള്ള നിയമമനുസരിച്ച്‌ സ്ഥിരമായി മയക്കുമരുന്ന്‌ കേസുകളിൽ പ്രതിയാകുന്നവരെ ഒരുവർഷം വരെ കരുതൽ തടങ്കലിൽ വയ്‌ക്കാനാകും. മയക്കുമരുന്ന്‌ കേസുകളിൽ പിടിയിലാകുന്നവർക്ക്‌ മതിയായ ശിക്ഷ ലഭിക്കുന്നില്ലെന്ന ആക്ഷേപം മാറ്റാനും നിയമം സഹായിക്കുമെന്നാണ്‌ വിലയിരുത്തൽ. ലഹരിക്കേസുകളിൽ പതിവായി പിടിയിലാകുന്നവരുടെ വിവരങ്ങൾ എക്സൈസ് ശേഖരിച്ചിരുന്നു. നവംബർ വരെയുള്ള എക്സൈസ് ഡാറ്രാ ഷീറ്റിൽ 2,199 പേരാണ് കുറ്റം ആവർത്തിക്കുന്നതായി രേഖപ്പെടുത്തിയത്. ഇതിൽ എക്സൈസിന് സ്ഥിരം തലവേദന സൃഷ്ടിക്കുന്ന 72 പേരുടെ വിവരങ്ങളാണ് ശുപാർശയ്ക്കൊപ്പം നൽകിയത്. നവംബർ വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 45,380 പേരാണ് ലഹരിക്കേസിൽ പിടിയിലായത്. ഇതിൽ മഹാഭൂരിഭാഗം യുവാക്കളാണ്.

 അത്ര എളുപ്പമല്ല

പതിവായി ലഹരിക്കേസുകളിൽ കുടുങ്ങുന്നവരുടെ പട്ടിക ജില്ലാതലത്തിൽ ശേഖരിക്കും. ശേഷം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പരിശോധിച്ച് ജോയിന്റ് എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് കൈമാറും. ഇവിടെയും പരിശോധിക്കും. പിന്നീട് എക്സൈസ് കമ്മിഷണറുടെ കൈയിലെത്തും. ആഭ്യന്തര സെക്രട്ടറിയടങ്ങുന്ന കമ്മിറ്രിയാണ് പ്രതിക്കെതിരെ പിറ്റ് എൻ.ഡി.പി.എസ് ആക്ട് ചുമത്താൻ അന്തിമാനുമതി നൽകുന്നത്.

 കേന്ദ്രത്തിന് ശുപാർശ

കുറ്റകൃത്യങ്ങൾ തരംതിരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡം കുറ്റവാളികൾക്ക് ജാമ്യം ലഭിക്കുന്നതിന് സഹായകരമാകുന്നുവെന്ന വിമർശനം ശക്തമായിരിക്കെ, ഇത് പരിഹരിക്കുന്നതിന് എൻ.ഡി.പി.എസ് ആക്ടിലെ ഷെഡ്യൂൾ ഭേദഗതി ചെയ്ത് സ്‌മോൾ, മീഡിയം ക്വാണ്ടിറ്റി സ്ലാബുകളിൽ കുറവ് വരുത്തുന്നതിന് കേന്ദ്ര സർക്കാരിന് ശുപാർശ നൽകി കാത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ.

പിറ്റ് എൻ.ഡി.പി.എസ് ആക്ട് നടപ്പാക്കണമെന്ന നിർദ്ദേശം സർക്കാരിന് മുന്നിലാണ്. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

എസ്. ആനന്ദകൃഷ്ണൻ

എക്സൈസ് കമ്മിഷണർ