
പെരുമ്പാവൂർ: ട്രാവൻകൂർ റയോൺസിന്റെ കൈവശമുള്ള 30 ഏക്കർ ഭൂമിയിൽ വ്യവസായ പാർക്ക് ഒരുങ്ങും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിയമസഭയിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് തീരുമാനം അറിയിച്ചത്.
വ്യവസായ വകുപ്പിലെ പൊതുമേഖലാ സ്ഥാപനമായ കിൻഫ്ര പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കും.
ഇലക്ട്രോണിക്‌സ് ഉൾപ്പെടെയുള്ള പരിസ്ഥിതി സൗഹാർദ്ദ വ്യവസായങ്ങൾക്കുള്ള പദ്ധതിയാണ് കിൻഫ്ര ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് എം.എൽ.എ പറഞ്ഞു.
സംസ്ഥാനത്തെ പ്രകൃതിക്കും പ്രകൃതി വിഭവങ്ങൾക്കും കോട്ടം തട്ടാത്ത രീതിയിൽ സർക്കാർ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് സംസ്ഥാനത്തെ പ്രകൃതി വിഭവങ്ങളുടെയും കാർഷിക ഉത്പന്നങ്ങളുടെയും മനുഷ്യശേഷിയുടെയും മൂല്യവർദ്ധന വഴി സാമ്പത്തിക പുരോഗതി കൈവരിക്കുകയും സംസ്ഥാനത്ത് മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഉത്തരവാദിത്വ വ്യവസായം, ഉത്തരവാദിത്വ നിക്ഷേപം എന്നീ നയങ്ങളിൽ ഊന്നിയാണ് ഇലക്ട്രോണിക്‌സ് പാർക്ക് സ്ഥാപിക്കപ്പെടുന്നത്. വ്യവസായിക ഉത്പാദനത്തിന് ആവശ്യമായ ഊർജ്ജം, ജലലഭ്യത, മാലിന്യ സംസ്‌കരണം, അഗ്‌നി സുരക്ഷ എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.