തൃപ്പൂണിത്തുറ: ഇലക്ട്രിക് പോസ്റ്റുകൾ നിലനിർത്തി നടത്തിയ പൊതുമൂല ലാൻഡിംഗ് സെന്ററിലെ റോഡ് വികസനം വിവാദമാകുന്നു. അതുല്യനഗറിലെ ഈ 400 മീറ്റർ റോഡിന് വീതി കൂട്ടി കാന പണിതപ്പോൾ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചിട്ടില്ല. നിലവിലുള്ള ഇലക്ട്രിക് പോസ്റ്റുകൾ നിലനിർത്തിയാണ് റോഡിൽ ടൈൽ വിരിക്കുന്നത്. വീതി കൂട്ടി വന്നപ്പോൾ പല പോസ്റ്റുകളും റോഡിന് നടുവിലായി. ടൈൽ വിരിച്ച് തുടങ്ങിയപ്പോഴാണ് ഈ അബദ്ധം കണ്ടു പിടിച്ചതതെന്നാണ് പറയുന്നത്.
ഉദയംപേരൂർ പഞ്ചായത്തിലെ 12, 13 വാർഡുകൾ യോജിക്കുന്ന ഭാഗമാണ് പൊതുമൂല ലാൻഡിംഗ് സെന്റർ റോഡ്. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് റോഡ് വികസനത്തിന് ശുചിത്വമിഷന്റെ 18 ലക്ഷവും പഞ്ചായത്തിന്റെ 14 ലക്ഷം കൂട്ടി മൊത്തം 32 ലക്ഷത്തിന്റെ പ്രോജക്ട് തയ്യാറായത്.
തിങ്കളാഴ്ച കൂടുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ഈ പ്രശ്നം ചർച്ച ചെയ്ത് തീരുമാനിച്ച് കെ.എസ്.ഇ.ബി.യെ അറിയിച്ചതിനുശേഷം പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.