nirmala

മൂവാറ്റുപുഴ: ശാസ്ത്ര സാങ്കേതിക മേഖലയിൽ ലോകം അതിവേഗം വളരുമ്പോൾ കേരളത്തിലെ കലാലയങ്ങളിലെ വിദ്യാർത്ഥികൾ ഇതിൽ നേതൃസ്ഥാനം വഹിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു . മൂവാറ്റുപുഴ നിർമ്മലാ കോളേജിലെ ഈ വർഷത്തെ കോളേജ് യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ, വിവര-സാങ്കേതിക, കാർഷിക, വ്യവസായ മേഖലകളിൽ നടന്ന ശാസ്ത്ര വിപ്ലവം മനുഷ്യന്റെ ജീവിത നിലവാരം ഉയർത്തുന്നതിലും ആയൂർ ദൈർഘ്യം വർദ്ധിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നാനോ ടെക്നോളജി, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലെ ഗവേഷണ പുരോഗതി വരും തലമുറയുടെ ഭാവി നിർണയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഭിനേതാവും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ്ജ് വിശിഷ്ഠാതിഥിയായിരുന്നു. കോളേജ് യൂണിയൻ ചെയർ പേഴ്സൺ ദിൽന സാബു വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. തോമസ് കെ. വി., കോളേജ് ബർസാർ ഡോ. ഫ്രാൻസിസ് കണ്ണാടൻ, വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഇമ്മാനുവൽ എ.ജെ. എന്നിവർ സംസാരിച്ചു.

ഡോ. വിനോദ് കെ. വി. സ്വാഗതം പറഞ്ഞു . യൂണിയൻ വൈസ് ചെയർ പേഴ്സൺ എലിസബത്ത് മാത്യൂസ് നന്ദി പറഞ്ഞു. തുടർന്ന് നടൻ ബിബിൻ ജോർജ്ജ്, സിനിമ മ്യൂസിക് ഡയറക്ടർ ഷിബു പുലർക്കാഴ്ച്ചയിൽ, ചലച്ചിത്ര പ്രവർത്തകൻ അഖിൽ എന്നിവർ കുട്ടികൾക്കായി കലാവിരുന്നൊരുക്കി. കോളേജിലെ മ്യൂസിക് ക്ലബിന്റെയും ഡാൻസ് ക്ലബിന്റെയും നേതൃത്വത്തിൽ നൃത്ത സംഗീത പരിപാടി നടന്നു.