കിഴക്കമ്പലം: ചേലക്കുളം ഭാഗത്ത് നിന്ന് ഹെറോയിനുമായി രണ്ട് അസാം സ്വദേശികളെ കുന്നത്തുനാട് പൊലീസ് പിടികൂടി. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശപ്രകാരമുള്ള പ്രത്യേക പരിശോധനയിൽ അസം നാഗൂൺ സ്വദേശി ബഹാറുൽ ഇസ്ലാം (22), സ്വാബിദുൽ ഇസ്ലാം (51) എന്നിവരാണ് പിടിയിലായത്. മുപ്പത് ഗ്രാം വീതം ഹെറോയിൻ ഇവരിൽ നിന്ന് കണ്ടെടുത്തു. ചെറിയ കുപ്പികളിലാക്കി അന്യ സംസ്ഥാനത്തൊഴിലാളികളുടെ ഇടയിലായിരുന്നു വില്പന. അസാമിൽ നിന്നുമാണ് ഇവർ മയക്കുമരുന്ന് കൊണ്ടുവരുന്നത്. എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്‌പെക്ടർ വി.പി. സുധീഷ്, എസ്.ഐമാരായ എ.എൽ. അഭിലാഷ്, എ.ബി. സതീഷ്, ടി.സി. ജോണി, എ.എസ്.ഐമാരായ കെ.എ. നൗഷാദ്, വേണുഗോപാൽ, ജെ. സജി, എസ്.സി.പിഒമാരായ അലിക്കുഞ്ഞ്, പി.എ. അബ്ദുൾ മനാഫ്, രാജേഷ്, ടി.എ. അഫ്‌സൽ തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.