വൈപ്പിൻ: മുനമ്പം കുടുംബാരോഗ്യ കേന്ദ്രം ദേശീയ ആരോഗ്യ വകുപ്പിന്റെ ഗുണനിലവാര പരിശോധനയിൽ അംഗീകാരം നേടി. രോഗി സേവനങ്ങൾ, രോഗവ്യാപനം നിയന്ത്രണം, ഉയർന്ന ഗുണനിലവാരം, ക്ലിനിക്കൽ സേവനങ്ങൾ, പ്രതിരോധ രംഗത്തെ മികവുകൾ, പിന്തുണ തുടർ സേവനങ്ങൾ, രോഗികളുടെ അവകാശങ്ങളും സംതൃപ്തിയും തുടങ്ങിയ നിരവധി വിഭാഗങ്ങളിൽ 6500 ലധികം മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് ദേശീയ ഗുണനിലവാര അംഗീകാരം ആശുപത്രികൾക്ക് നൽകുന്നത്.
തീരദേശ മേഖലയിൽ നിന്ന് അംഗീകാരം നേടുന്ന ആദ്യ സ്ഥാപനമാണിത്. 96 ശതമാനം മാർക്കോടെ മുൻനിര പ്രകടനവുമായാണ് മുനമ്പം കുടുംബാരോഗ്യകേന്ദ്രം അംഗീകാരം നേടിയത്.
ബ്രിട്ടീഷ് കാലത്തെ കെട്ടിടങ്ങൾ ഉൾപ്പെടെ ചരിത്രസ്മാരകങ്ങളും സർക്കാർ ആശുപത്രി സേവനങ്ങളുടെ ദീർഘകാല പാരമ്പര്യവും ആശുപത്രിക്കുണ്ട്. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ.യുടെ ഇടപെടലിനെ തുടർന്ന് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിനുള്ള നടപടികളിലാണ് സംസ്ഥാന സർക്കാർ. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെയും പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും വിവിധ സ്‌പോൺസർമാരുടെയും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെയും ഒപ്പം ആത്മാർത്ഥമായി പ്രവർത്തിച്ച ജീവനക്കാരുടെയും സഹകരണവും അംഗീകാരത്തിൽ നിർണായകമായെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.കെ. ബി. ഷിനിൽ പറഞ്ഞു.