കൊച്ചി: മനുഷ്യാവകാശ കമ്മീഷന്റെ പേരിൽ കബളിപ്പിക്കൽ ലക്ഷ്യത്തോടെ പലരും ജനങ്ങളെ സമീപിക്കുന്നതായി പരാതികൾ ലഭിക്കുന്നുണ്ടെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. മനുഷ്യാവകാശ കമ്മിഷൻ വൈസ് ചെയർമാൻ എന്ന വ്യാജ ബോർഡ് വച്ച വാഹനത്തിൽ രണ്ടു പേരെത്തി ഭീഷണിപ്പെടുത്തിയെന്ന കോതമംഗലം വെണ്ടുവഴി സ്വദേശിനി ലളിതയുടെ പരാതിയിൽ പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
2022 ജൂലൈ 6ന് ചുവപ്പു നിറത്തിലെ ബോർഡുവെച്ച വാഹനത്തിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വാഹനം കസ്റ്റഡിയിലെടുത്തെന്നും എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കമ്മിഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. കേസിൽ തുടർനടപടികൾ സ്വീകരിക്കാൻ കോതമംഗലം പൊലീസ് ഇൻസ്‌പെക്ടർക്കാണ് നിർദേശം നൽകിയത്.