umar-ali

കൊച്ചി: പെരുമ്പാവൂർ സ്വദേശിനിയായ 42കാരിയെ പീഡിപ്പിച്ചശേഷം വെട്ടിക്കൊലപ്പെടുത്തിയ അസാം സ്വദേശി ഉമർ അലിക്ക് (23) ഇരട്ട ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസിന്റേതാണ് വിധി.

2019 നവംബർ 27ന് രാത്രി വീട്ടിലേക്ക് മടങ്ങിയ സ്ത്രീയെ പ്രതി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കടന്നുപിടിക്കുകയും സമീപത്തെ കെട്ടിടങ്ങൾക്കിടയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മൺവെട്ടി ഉപയോഗിച്ച് വെട്ടി പരിക്കേൽപിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം മൺവെട്ടി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഉപേക്ഷിച്ച് മടങ്ങിയ പ്രതി സമീപത്തെ സി.സി ടിവി കാമറകളും നശിപ്പിച്ചിരുന്നു. എന്നാൽ പൊലീസ് ദൃശ്യങ്ങൾ സി.സി ടിവിയിൽ നിന്ന് കണ്ടെടുത്തു. പ്രതിക്കെതിരെ ലൈംഗികപീഡനം, തെളിവുനശിപ്പിക്കൽ, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇരട്ട ജീവപര്യന്തത്തിന് പുറമേ തെളിവുനശിപ്പിക്കലിന് അഞ്ചുവർഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.