കൊച്ചി: വ്യാജ സാക്ഷിമൊഴി രേഖപ്പെടുത്തിയ ലക്ഷദ്വീപ് ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി കെ.ചെറിയ കോയയെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യാൻ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്‌ണൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് നിർദ്ദേശം നൽകി. ലക്ഷദ്വീപ് അമിനിയിൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടായിരിക്കെ വ്യാജമായി സാക്ഷിമൊഴി രേഖപ്പെടുത്തിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഉത്തരവ്.
അമിനിയിൽ അന്യായമായി സംഘം ചേർന്ന കേസിൽ പ്രദേശവാസിയായ എം.പി.മുഹമ്മദ് നാസർ ഉൾപ്പെടെയുള്ളവർക്കെതിരെ വ്യാജ സാക്ഷിമൊഴി രേഖപ്പെടുത്തിയെന്നായിരുന്നു ആരോപണം. കേസിൽ പ്രതികൾക്ക് നാലരവർഷം ശിക്ഷവിധിക്കുകയും ചെയ്തിരുന്നു. എന്നാൽ മറ്റൊരു കേസിൽ ചെറിയ കോയയ്ക്കെതിരെ മുഹമ്മദ് നാസർ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്താലാണ് വ്യാജ സാക്ഷിമൊഴി രേഖപ്പെടുത്തിയതെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. ഈ ആരോപണം ശരിയാണെങ്കിൽ ചെറിയ കോയ സർവീസിൽ തുടരാൻ യോഗ്യനല്ലെന്നും സിംഗിൾബെഞ്ച് നിരീക്ഷിച്ചു. ചെറിയ കോയയ്ക്ക് അനുകൂലമായി മൊഴിനൽകിയ മജിസ്ട്രേട്ട് കോടതിയിലെ ബെഞ്ച്ക്ളർക്ക് പി.പി.മുത്തുക്കോയ, എൽ.ഡി ക്ളർക്ക് പുത്തുണി എന്നിവർ ജനുവരി 23ന് ഹാജരാകണം. കേസിൽ കോടതിയെ സഹായിക്കാൻ അഭിഭാഷകനെ അമിക്കസ് ക്യൂറിയായി നിയമിച്ചു.
മുഹമ്മദ് നാസർ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരായി സാക്ഷിമൊഴി നൽകിയെന്നാണ് രേഖകളിലുള്ളത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ ഹാജരായി മൊഴിനൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹൈക്കോടതി നടപടി.