അങ്കമാലി : പാചകവാതകവില സംബന്ധിച്ച് പറയുമ്പോൾ കഴിഞ്ഞ വർഷങ്ങളിൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ സൗജന്യ വാക്സിനേഷൻ ഉൾപ്പെടെയുള്ള ജനോപകാര നടപടികളും നമ്മൾ കാണണമെന്ന് മഹിളാ മോർച്ച ദേശീയ അദ്ധ്യക്ഷ വനതി ശ്രീനിവാസൻ പറഞ്ഞു. മഹിളാമോർച്ച ദേശീയ സമിതി സംഘടിപ്പിച്ച പ്രവാസ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ എത്തിയതാണ് ദേശീയ അദ്ധ്യക്ഷ.
സമൂഹത്തിൽ മുഖ്യധാരാ പ്രസ്ഥാനമെന്ന സ്ഥാനം ഭാരതീയ ജനതാ മഹിളാ മോർച്ച ഇതിനോടകം നേടിക്കഴിഞ്ഞു.കമ്യൂണിസ്റ്റ് പാർട്ടി സ്ത്രീകളെ സ്വർണക്കടത്തിന് ഉപയോഗിക്കുന്നു. ബി.ജെ.പിയാകട്ടെ എല്ലാ സ്ത്രീകളെയും സ്വർണമായി കരുതുന്നു. രാഷ്ട്ര വിരുദ്ധതയ്ക്കും സാമൂഹ്യതിന്മകൾക്കുമെതിരെയുള്ള പ്രക്ഷോഭങ്ങളിലും ബോധവത്കണത്തിലും വൈവിദ്ധ്യമാർന്ന സേവന സംരംഭങ്ങളിലും മഹിളാ മോർച്ച പ്രമുഖ പങ്കു വഹിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ നിവേദിത സുബ്രഹ്മണ്യൻ, ദേശീയ സെക്രട്ടറി പത്മജ എസ്. മേനോൻ , സംസ്ഥാന സെക്രട്ടറി സ്മിത മേനോൻ , ജില്ലാ അദ്ധ്യക്ഷ ഡോ.രചന ഹരീഷ് എന്നിവരും ദേശീയ അദ്ധ്യക്ഷയോടൊപ്പം ഉണ്ടായിരുന്നു.