കൊച്ചി: പെരുമ്പാവൂർ സ്വദേശിനിയായ 42കാരിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അസാം സ്വദേശി ഉമർ അലിക്ക് (32) എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷവിധിച്ചു.
2019 നവംബർ 27ന് രാത്രി വീട്ടിലേക്ക് മടങ്ങിയ ഇരയെ പ്രതി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കടന്നുപിടിച്ച് സമീപത്തെ കെട്ടിടങ്ങൾക്കിടയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. തുടർന്ന് മൺവെട്ടി ഉപയോഗിച്ച് തലയ്ക്കും മുഖത്തും വെട്ടി പരിക്കേൽപിച്ചു. അവശയായ ഇരയെ ലൈംഗികമായി പീഡിപ്പിച്ചശേഷം മൺവെട്ടി ഉപയോഗിച്ചു വീണ്ടും വെട്ടിക്കൊലപ്പെടുത്തി. മൃതദേഹം ഉപേക്ഷിച്ച് മടങ്ങുമ്പോൾ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി ടിവി കാമറയിൽ പതിഞ്ഞിട്ടുണ്ടെന്ന് മനസിലാക്കിയ പ്രതി ഇതുനശിപ്പിച്ചു. എന്നാൽ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ സി.സി ടിവിയിൽനിന്ന് പൊലീസ് കണ്ടെടുത്തത് നിർണായകമായി.
പ്രതിക്കെതിരെ ലൈംഗികപീഡനം, തെളിവുനശിപ്പിക്കൽ, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇരട്ട ജീവപര്യന്തത്തിന് പുറമേ തെളിവുനശിപ്പിക്കൽ കുറ്റത്തിന് അഞ്ചുവർഷം തടവുകൂടി ശിക്ഷ വിധിച്ചിട്ടുണ്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് വിധിപറഞ്ഞത്. വധശിക്ഷ നൽകേണ്ട കേസാണിതെങ്കിലും പ്രതിയുടെ പ്രായമുൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി കുറച്ചതെന്ന് വിധിയിൽ പറയുന്നു.