കൊച്ചി: മറൈൻഡ്രൈവ് മുതൽ വടുതല വരെയുള്ള മേഖലയുടെ വികസനം ലക്ഷ്യമിട്ട് ആവിഷ്കരിക്കുന്ന കൊച്ചി സുസ്ഥിര നഗരവികസന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം. പദ്ധതിക്കായി പ്രത്യേക ദൗത്യസംവിധാനം രൂപീകരിക്കാൻ കളക്‌ടർ ഡോ. രേണുരാജിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച ചേർന്ന യോഗം തീരുമാനിച്ചു. വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി മന്ത്രിതലത്തിൽ ചർച്ച നടത്തും. കൊച്ചി സുസ്ഥിര നഗരവികസനത്തിന്റെ നടപടികൾ സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനും ജി.സി.ഡി.എ കോൺഫറൻസ് ഹാളിൽ നടന്ന യോഗം തീരുമാനിച്ചു. മേയർ എം. അനിൽകുമാർ, ജി.സി.ഡി.എ സെക്രട്ടറി കെ.വി. അബ്ദുൾ മാലിക്, വനംവകുപ്പ് ഉദ്യോഗസ്ഥർ, പദ്ധതിയുടെ കൺസൾട്ടൻസിയായ കിഫ്‌കോൺ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് കൊച്ചി നഗരത്തിന്റെ ഭാവിവികസനം സാധ്യമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. വ്യവസായ സ്ഥാപനങ്ങൾ, താമസസ്ഥലങ്ങൾ, പരിസ്ഥിതിസൗഹൃദ ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി നഗരത്തിന്റെ സമഗ്രവികസനമാണ് ലക്ഷ്യം. മറൈൻഡ്രൈവ്, പച്ചാളം, മുളവുകാട് തുടങ്ങിയ പ്രദേശങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തും. ക്യൂൻസ് വാക്‌വേയും കടന്ന് വടക്കുഭാഗത്ത് ചേരാനല്ലൂർ കണ്ടെയ്‌നർ റോഡ് വരെ കൊച്ചി സുസ്ഥിര പുനർനിർമാണ പദ്ധതിക്കു കീഴിൽ വികസിപ്പിക്കും.
കായലും കരയും ചേരുന്നിടത്ത് മറൈൻഡ്രൈവ് മാതൃകയിൽ വാക്‌വേയും ഇവയെ ബന്ധിപ്പിച്ചുള്ള റോഡുകളും നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കും. ഇതോടെ ദ്വീപുകളിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഗതിവേഗം കൈവരും.

* ഫണ്ട് കിഫ്ബി വക

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ് ബി) പദ്ധതി നടപ്പാക്കും. അതീവ പരിസ്ഥിതിലോല പ്രദേശമായ മേഖലയുടെ ജൈവതനിമ നിലനിറുത്തുന്നതിനായി ചുറ്റുമുള്ള ദ്വീപസമൂഹങ്ങളിൽ കണ്ടൽകാടുകൾ വച്ചുപിടിപ്പിക്കും.

* വികസനത്തിന്റെ രണ്ടാം ഘട്ടം

1980കളിൽ കൊച്ചിൻ ടൗൺ പ്ലാനിംഗ് ട്രസ്റ്റാണ് വേമ്പനാട്ട് കായൽ നികത്തിയെടുത്ത സ്ഥലം ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചത്. ജി.സി.ഡി.എ നിലവിൽ വന്നതോടെ കൊച്ചിയെ മനോഹരിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. അന്നത്തെ ചെയർമാൻ കെ. ബാലചന്ദ്രൻ ഇതിനു ചുക്കാൻ പിടിച്ചു. കൊച്ചി നഗരം രൂപകല്പന ചെയ്യുന്നതിനുള്ള ചുമതല പ്രശസ്ത നഗരാസൂത്രണ വിദഗ്ദ്ധനായ കുൽദീപ് സിംഗിനെ ഏൽപ്പിച്ചു. മറൈൻഡ്രൈവ്, രാജേന്ദ്രമൈതാനം, സുഭാഷ് പാർക്ക്, ജെട്ടി എന്നിവയെല്ലാം യാഥാർത്ഥ്യമായി. രണ്ടാം ഘട്ടമാണ് മറൈൻഡ്രൈവ് വിപുലീകരണം.

പദ്ധതിതുക 857.8 കോടി

42.49 ഹെക്ടർ സ്ഥലം വികസിപ്പിക്കും

മികച്ച പുനരധിവാസ പാക്കേജ്

ആദ്യഘട്ടത്തിൽ 34.71 ഹെക്ടർ സ്ഥലം ഏറ്റെടുക്കും

ആദ്യഘട്ടത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആകെ 5312 കോടി

അടിസ്ഥാനസൗകര്യ വികസനത്തിന് 198.9 കോടി ചെലവഴിക്കും

പുനരധിവാസത്തിന് 100.8 കോടി

പദ്ധതി നിർവഹണത്തിന് സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ

ദ്വീപിലെ 119 ഹെക്ടർ പരിസ്ഥിതി സംരക്ഷണ മേഖലയായി നിലനിർത്തും.