പെരുമ്പാവൂർ : കുന്നത്തുനാട് താലൂക്ക് പരിധിയിലെ അറക്കപ്പടി വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസായി മാറുന്ന നടപടികൾ അവസാന ഘട്ടത്തിലെത്തി. പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു.
എം.എൽ.എയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി സമയം അനുവദിക്കുന്നതിന് വകുപ്പ് മന്ത്രിക്ക് എം.എൽ.എ കത്ത് നൽകി.
അറക്കപ്പടി ജംഗ്ഷനിൽ നിന്ന് മാറി ജയഭാരത് കോളേജിന് സമീപം 30 സെന്റ് സ്ഥലമാണ് പുതിയ കെട്ടിടത്തിനായി റവന്യൂ വകുപ്പ് കണ്ടെത്തി നൽകിയത്. ഒരു നിലയിൽ 1410 ചതുരശ്രയടി ചുറ്റളവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. എം.എൽ.എ നൽകിയ ശുപാർശ പ്രകാരം റവന്യൂ വകുപ്പാണ് കെട്ടിട നിർമ്മാണത്തിന് ആവശ്യമായ 44 ലക്ഷം രൂപ അനുവദിച്ചത്.
വില്ലേജ് ഓഫീസറുടെ മുറി, ഹാൾ, സന്ദർശകർക്കുള്ള മുറി, റെക്കാഡുകൾ സൂക്ഷിക്കുന്ന മുറി, ടോയ്‌ലറ്റ് എന്നീ വിശാലമായ സൗകര്യങ്ങൾ അടങ്ങുന്ന കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ ഓഫീസ് പരിസരം പുല്ലുകൾ പിടിപ്പിച്ചു മനോഹരമാക്കും.
നിലവിൽ അറക്കപ്പടി ജംഗ്ഷനോട് ചേർന്ന് പ്രവർത്തിച്ചു വരുന്ന വില്ലേജ് ഓഫീസ് ഇടുങ്ങിയതും കാലപഴക്കം മൂലം മോശമായ അവസ്ഥയിലുമാണ്. പൊതു ജനങ്ങൾക്ക് കൂടുതൽ സൗകര്യത്തിനായി വില്ലേജ് ഓഫീസ് ഇ- ഓഫീസാക്കി മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചതായി എം.എൽ.എ അറിയിച്ചു. ഇതിന് ആവശ്യമായ തുക എം.എൽ.എ പ്രത്യേക വികസന ഫണ്ടിൽ നിന്ന് അനുവദിക്കും. മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും ഇത്തരത്തിൽ ഇ- ഓഫീസാക്കി നവീകരിക്കും.