
ആലുവ: ആലുവ പെരിയാർ അഡ്വഞ്ചേഴ്‌സ് ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശവുമായി കായികതാരങ്ങളുടെ ക്രിസ്മസ് കൂട്ടയോട്ടം സംഘടിപ്പിച്ചു. 100ൽ പരം കായിക താരങ്ങൾ പങ്കെടുത്ത കൂട്ടയോട്ടം ശിവരാത്രി മണപ്പുറത്ത് നിന്ന് ആരംഭിച്ചു.
മയക്കുമരുന്നിനും മറ്റു ലഹരി പദാർത്ഥങ്ങൾക്കും അടിമകളായ യുവതലമുറയെ മോചിപ്പിക്കാൻ ആരോഗ്യ പരിപാലനമാണ് ശരിയായ ലഹരി എന്ന സന്ദേശമാണ് ഇതിലൂടെ കായിക താരങ്ങൾ നൽകിയതെന്ന് ദേശീയ വെറ്ററൻ ചാമ്പ്യൻ ജോസ് മാവേലി പറഞ്ഞു. ക്രിസ്മസ് പോലുള്ള ആഘോഷങ്ങൾ ഇന്ന് മദ്യലഹരിയുടെ പിടിയിലാണെന്നും അതിനെതിരെ അധികാരികൾ മൗനം പാലിക്കുക മാത്രമല്ല ഖജനാവ് നിറയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും ജോസ് മാവേലി പറഞ്ഞു.