
ആലുവ: കീഴ്മാട് ഗ്രാമ പഞ്ചായത്തിലെ 10.5 ഏക്കറോളം വരുന്ന കുട്ടമശേരി- തുമ്പിച്ചാൽ തടാകത്തിന് ചുറ്റും നൂറുകണക്കിന് നക്ഷത്രങ്ങൾ തെളിച്ചതോടെ സഞ്ചാരികളുടെ തിരക്കേറി. നാട്ടുകാർ മാത്രമല്ല, സമീപ പ്രദേശങ്ങളിൽ നിന്നുള്ളവർ വരെ കുടുംബ സമേതം നക്ഷത്രത്തടാകം സന്ദർശിക്കാൻ എത്തുകയാണ്.
സിനിമാ താരം കലാഭവൻ നവാസ് ഉൾപ്പെടെ നിരവധി പേർ ഇന്നലെ നക്ഷത്രത്തടാകം സന്ദർശിക്കാനെത്തിയിരുന്നു.
പഞ്ചായത്തിന്റെ പോലും സാമ്പത്തിക സഹായമില്ലാതെ നാട്ടുകാരും വാർഡ് അംഗവും സ്വന്തം നിലയിൽ പണം കണ്ടെത്തിയാണ് തടാകത്തിന് ചുറ്റും നക്ഷത്രങ്ങൾ സ്ഥാപിച്ചത്. ജനുവരി ഒന്ന് വരെ ആഘോഷം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. 31ന് ഗാനമേളയും നടക്കും.
തിരുനാവായയിലെ താമര ഹാജി എന്ന് വിളിക്കുന്ന മൊയ്തീൻ ഹാജിയുടെ നേതൃത്വത്തിൽ താമര നിക്ഷേപിച്ചപ്പോൾ മുതൽ തമ്പിച്ചാൽ തടാകം മാദ്ധ്യമ വാർത്തകളിൽ നിറഞ്ഞിരുന്നു. സംരക്ഷിക്കാൻ ആളില്ലാതെ കാലങ്ങളോളം മാലിന്യം നിറഞ്ഞുകിടന്ന തടാകം അഞ്ച് വർഷം മുമ്പ് ജില്ലാ ഭരണകൂടം ഓപ്പറേഷൻ വാഹിനി പദ്ധതിയിൽപ്പെടുത്തിയാണ് ആദ്യം നവീകരിച്ചത്. പിന്നാലെ നാട്ടുകാരും സംരക്ഷണവുമായി രംഗത്തെത്തി.
അമൃത സരോവറിൽ ഉൾപ്പെടുത്തി 11 കോടിയിലേറെ രൂപയുടെ വികസന പദ്ധതി കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ട്. അന്തിമ അനുമതി ലഭിച്ചാൽ തുമ്പിച്ചാൽ തടാകം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറും. ഇതിന്റെ കൂടി മുന്നൊരുക്കമെന്ന നിലയിലാണ് നാട്ടുകാർ നക്ഷത്രങ്ങൾ സ്ഥാപിച്ച് ആകർഷകമാക്കിയത്. തടാകത്തിന് ചുറ്റും ഫുട്പാത്തുകൾ നിർമ്മിച്ച് ഇരിപ്പിടം കൂടി സജ്ജമാക്കിയാൽ സഞ്ചാരികളെ കൂടുതൽ ആകർഷിക്കാനാകും. തികച്ചും ഗ്രാമീണ മേഖലയിൽ ഇത്തരമൊരു വിനോദ സഞ്ചാര കേന്ദ്രം സഞ്ചാരികളെ കൂടുതൽ ആകർഷകമാക്കും. ഇപ്പോൾ വിരലിൽ എണ്ണാവുന്ന തട്ടുകടകൾ മാത്രമാണ് ഇവിടെയുള്ളത്.
ബെന്നി ബഹ്നാൻ
നിവേദനം നൽകി
ജലശക്തി അഭിയാൻ പദ്ധയിൽ ഉൾപ്പെടുത്തി തുമ്പിച്ചാൽ ജലസംഭരണി നവീകരിക്കുന്നതിനുള്ള പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പോർട്ട് ഷിപ്പിംഗ് ആൻഡ് വാട്ടർവെയ്സ് അഡീഷണൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയ്ക്ക് ബെന്നി ബെഹനാൻ എം.പി നിവേദനം നൽകി. കീഴ്മാട് ഗ്രാമപഞ്ചായത്ത് അധികൃതരും സംഘത്തിലുണ്ടായിരുന്നു.