മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിക്കുന്ന രണ്ടാമത് നഗരോത്സവത്തിന് 28 ന് തുടക്കമാവും. 31 വരെ നീണ്ട് നിൽക്കുന്ന നഗരോത്സവം വിപുലമായ പരിപാടികളോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
നഗരത്തിന്റെ വാണിജ്യ ഉത്സവം കൂടിയായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ 28 മുതൽ ജനുവരി ഒന്നു വരെ മുനിസിപ്പൽ ടൗൺഹാളിൽ ഇതോടനുബന്ധിച്ച് വ്യവസായ വകുപ്പിന്റെ വാണിജ്യ പ്രദർശന മേള നടക്കും. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലുള്ള സംരംഭകർ മേളയിൽ പങ്കെടുക്കും.
29ന് വൈകിട്ട് നാലിന് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്യും. മുനിസിപ്പൽ ടൗൺഹാൾ മൈതാനിയിൽ ഘോഷയാത്ര എത്തുന്നതോടെ നഗരോത്സവ ഉദ്ഘാടനം മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിക്കും. തുടർന്ന് ഓൾഡ് ഈസ് ഗോൾഡ് ഗാനമേളയും കൊച്ചിൻ സെറിമണിയുടെ മെഗാഷോയും അരങ്ങേറും.
30 ന് വൈകിട്ട് നാലു മുതൽ സ്‌കൂൾ യുവജനോത്സവ വിജയികളായ താരങ്ങളുടെ വിവിധ കലാപരിപാടികൾ ആരംഭിക്കും. വൈകിട്ട് ആറിന് സാംസ്‌കാരിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. 31ന് വൈകിട്ട് 5 മുതൽ വിവിധ കലാപരിപാടികൾ. ആറിന് സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതുവത്സരാഘോഷം.