കൊച്ചി: വ്യവസായ മേഖലയായി വിജ്ഞാപനം ചെയ്‌തിട്ടുള്ള പ്രദേശത്തെ സ്ഥാപനങ്ങളിൽ നിന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വസ്‌തു നികുതി ഈടാക്കാനാവില്ലെന്ന സിംഗിൾബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജൂലായ് ഒന്നിലെ സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ കളമശേരി നഗരസഭ നൽകിയ അപ്പീലിൽ ജസ്റ്റിസ് എസ്. വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് എട്ടാഴ്‌ചത്തെ സ്റ്റേ അനുവദിച്ചത്.
കളമശേരിയിലെ എച്ച്. എം.ടി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഹോൾമാർക്ക് ഒപ്റ്റോ മെക്കാട്രോണിക്സ് എന്ന സ്ഥാപനത്തിന് 4.79 ലക്ഷം രൂപ വസ്‌തു നികുതിയടയ്ക്കാൻ നഗരസഭ നോട്ടീസ് നൽകിയിരുന്നു. എന്നാൽ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഇളവുകൾ നൽകിയാണ് സർക്കാർ വ്യവസായ മേഖലകൾ വിജ്ഞാപനം ചെയ്യുന്നതെന്നും ഈ മേഖലകളിൽ തുടങ്ങുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള ഇളവുകളും ആനുകൂല്യങ്ങളും നിഷേധിക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കു കഴിയില്ലെന്നുമാണ് സിംഗിൾബെഞ്ച് പറഞ്ഞിരുന്നത്.
വ്യവസായ മേഖലയിലായാലും സ്ഥാപനങ്ങളിൽ നിന്ന് വസ്തു നികുതി പിരിക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭ അപ്പീൽ നൽകിയത്. വ്യവസായ മേഖലയിലെ സ്ഥാപനങ്ങളെ മുനിസിപ്പാലിറ്റി നിയമപ്രകാരം വസ്തു നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും അപ്പീലിൽ വാദിക്കുന്നു.