കൊച്ചി: മതേതര ആഘോഷമായി ക്രിസ്മസ് മാറുന്നതാണ് ലോകം മാനവരാശിക്ക് നൽകുന്ന സന്ദേശമെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പറഞ്ഞു. ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ നടന്ന ക്രിസ്മസ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. നമ്മുടെ നാട് അതിർവരമ്പുകളില്ലാതെയാണ് ഓരോ ആഘോഷങ്ങളേയും വരവേൽക്കുന്നതെന്നും അതു മുന്നോട്ടുവയ്ക്കുന്നത് ഒത്തുചേരലിന്റേയും ഒരുമയുടേയും ശുഭസന്ദേശമാണെന്നും സ്വാമി പറഞ്ഞു. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഫാ. ഷിനു ഉദുപ്പൻ ക്രിസ്മസ് സന്ദേശം നൽകി.
വേണു വാസിഷ്ഠം രചിച്ച മധുരദീപ്തി എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രൊഫ.എം. കെ. സാനുവിന് നൽകി ഉമതോമസ് എം.എൽ.എ നിർവഹിച്ചു. സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി, ഇമാം കുഞ്ഞിമുഹമ്മദ് മൗലവി, കൗൺസിലർ ജോർജ് നാനാട്ട്, ഇ.ഡി.ആർ.എ.എ.സി ജില്ലാസെക്രട്ടറി ശ്രീദേവി സന്തോഷ്, അഡ്വ. സണ്ണി ജോൺ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അഡ്വ. കെ.സി. സന്തോഷ്‌കുമാർ സ്വാഗതവും ക്യാപ്ടൻ കെ. മോഹൻദാസ് നന്ദിയും പറഞ്ഞു.