bus-sheltar

ആലുവ: അപകടാവസ്ഥയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് പൊളിച്ചെങ്കിലും അവശിഷ്ടങ്ങൾ നീക്കാതിരുന്നത് യാത്രക്കാർക്ക് ദുരിതമായി. ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ അമ്പാട്ടുകാവ് കവലയിൽ കളമശേരി ഭാഗത്തേയ്ക്കുള്ള യാത്രക്കാർക്കായി നിർമ്മിച്ചിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് കഴിഞ്ഞ നാല് ദിവസം മുമ്പ് പൊലീസും ഫയർ ഫോഴ്സും ചേർന്ന് പൊളിച്ചത്.

2006 ൽ നിർമ്മിച്ച ആഢംബര ബസ് കാത്തിരിപ്പ് കേന്ദ്രമാണിത്. ഷെൽട്ടറിന്റെ ഒരു തൂൺ ഇളകി നിന്നിരുന്നതിനാൽ നാട്ടുകാർ പലവട്ടം ആവശ്യപ്പെട്ടിട്ടും ഷെൽട്ടർ പൊളിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറായില്ല. ഇതേത്തുടർന്ന് വാർഡ് അംഗം റംല അലിയാർ ജില്ലാ കള്ക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് സംരക്ഷണയിൽ കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റി. പഞ്ചായത്തിന്റെ എതിർപ്പ് അവഗണിച്ച് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചതിനാൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ അവർ മടികാണിക്കുകയാണെന്നാണ് ആക്ഷേപം. ഇതോടെ കളമശേരി ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.