തൃക്കാക്കര: മുനിസിപ്പൽ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ളക്സ് പുനരധിവാസം ത്രിശങ്കുവിൽ. കച്ചവടം നടത്തിയിരുന്നവരെ മാർക്കറ്റ് നവീകരണത്തിന്റെ ഭാഗമായി ഒഴിവാക്കിയിരുന്നു. പുനരധിവാസത്തിന്റെ ഭാഗമായി അന്നത്തെ ഭരണസമിതിയുമായുണ്ടാക്കിയ വാടകക്കരാർ ഹാജരാക്കണമെന്ന നഗരസഭയുടെ പുതിയ നിർദേശമാണ് കച്ചവടക്കാർക്ക് തിരിച്ചടിയായത്.
മത്സ്യം, മാംസം, പച്ചക്കറി കച്ചവടം എന്നിവ നടത്തിയ 14 പേരാണ് പുനരധിവാസത്തിന് അർഹർ. ഇവർ അന്നത്തെ പഞ്ചായത്ത് ഭരണസമിതിക്കും തുടർന്ന് നഗരസഭയ്ക്കും തറവാടക അടച്ചതിന്റെ രേഖകൾ മാത്രമാണ് കൈവശമുളളത്. എന്നാൽ പുനരധിവാസത്തിന് തറവാടക രസീത് പോരെന്നാണ് നഗരസഭയുടെ തീരുമാനം. കഴിഞ്ഞ ദിവസം നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏഴുപേർ മാത്രമാണ് മുമ്പ് കച്ചവടം നടത്തിയതായി തെളിയിക്കുന്ന തറവാടക രസീത് ഹാജരാക്കിയത്. ബാക്കിയുള്ളവർ രേഖകൾ ഹാജരാക്കിയിരുന്നില്ല. പുതുവത്സരത്തിൽ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ളക്സ് തുറന്നുകൊടുക്കാനാണ് ഭരണസമിതി ഒരുങ്ങുന്നത്.
# വാടക ഇങ്ങനെ
പുനരധിവാസം അർഹതയുളളവർക്ക്
അഡ്വൻസ്- 3 ലക്ഷം
മാസ വാടക-7000
# പുതിയ കച്ചവടക്കാർക്ക്
ഡപ്പോസിറ്റ് -5 ലക്ഷം
വാടക 12.000
# ചരിത്രം ഇങ്ങനെ
കാക്കനാട് ജംഗ്ഷനിൽ റോഡിന് ഇരുവശങ്ങളിലും കച്ചവടം നടത്തിയിരുന്നവരെ വർഷങ്ങൾക്ക് മുമ്പ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി ഒഴിപ്പിച്ച് കെമിക്കൽ ലാബിന് സമീപം മാർക്കറ്റ് സ്ഥാപിച്ച് പുനരധിവസിപ്പിച്ചിരുന്നു. മാർക്കറ്റിൽ മത്സ്യ, മാംസ വില്പനക്കും മറ്റുമായി പത്തു കടമുറികളും ഷട്ടറില്ലാത്ത എട്ട് കടമുറികളുമാണുള്ളത്. ആദ്യകാലത്ത് കടമുറികളിൽ പലതും ലേലത്തിൽ പോയി. എന്നാൽ വെളിച്ചം, വെള്ളം എന്നിവ ഇല്ലാത്തതിനാൽ നഗരസഭയിൽ കെട്ടിവെച്ച സെക്യൂരിറ്റി തുകപോലും വാങ്ങാതെ പലർക്കും കടമുറികൾ ഉപേക്ഷിച്ചു പോകേണ്ടിവന്നു. പിന്നീട് മാർക്കറ്റ് നവീകരണത്തിന്റെ ഭാഗമായി വ്യാപാരികളെ കാക്കനാട്- പള്ളിക്കര റോഡുവക്കിൽ കച്ചവടം നടത്താൻ അനുവദിക്കുകയായിരുന്നു.