ഫോർട്ടുകൊച്ചി: കൊച്ചിൻ കാർണിവൽ ലഹരിയിൽ ഫോർട്ടുകൊച്ചിക്ക് ഇനി ഉറക്കമില്ലാത്ത രാവുകൾ. ജനുവരി ഒന്നുവരെ പൈതൃകനഗരി രാത്രിയെ പകലാക്കും. ദിനംപ്രതി ഓരോ വേദികളിലും നിരവധി പരിപാടികൾ അരങ്ങേറും. ബൈക്ക് റേസിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സാഹസിക യാത്രികരെത്തും.
കൊച്ചി ബിനാലെ കാണാൻ നിരവധി പേർ കഴിഞ്ഞ ദിവസം മുതൽ ഫോർട്ടുകൊച്ചിയിൽ എത്തിത്തുടങ്ങിയിരുന്നു. ഉത്സവത്തിന് നിറംപകർന്ന് ഫോർട്ടുകൊച്ചി വെളി മുതൽ കടപ്പുറം വരെ റോഡിന് ഇരുവശവും കൊടിതോരണങ്ങളാലും ദീപങ്ങളാലും അലംകൃതമാകും. ഫോർട്ടുകൊച്ചി വെളിയിൽ 8 ലക്ഷം രൂപാ ചെലവിൽ നിർമ്മിച്ച ക്രിസ്മമസ് - പുതുവർഷ ട്രീയും ആഘോഷത്തിന്റെ മിഴിവേറ്റും. 31ന് രാത്രി ഫോർട്ടുകൊച്ചി കടപ്പുറം ജനസമുദ്രമാകും. വിദേശികളെയും സ്വദേശികളെയും സിനിമാ താരങ്ങളെയും സാക്ഷിയാക്കി രാത്രി 12 ന് കപ്പലിൽ നിന്നും സൈറൺ മുഴങ്ങുമ്പോൾ പാപ്പാഞ്ഞി അഗ്നിക്കിരയാക്കും. തുടർന്ന് കേക്കും വൈനും നൽകി പുതു വർഷത്തെ വരവേൽക്കും. ആഘോഷം അതിരുകടക്കാതിരിക്കാൻ സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ 500 ഓളം ഉദ്യോഗസ്ഥരെ ബീച്ചിൽ വിന്യസിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് ഫോർട്ടുകൊച്ചിയിൽ നിന്ന് തുടങ്ങുന്ന വർണശബളമായ റാലി വാസ്കോഡഗാമ സ്ക്വയറിൽ സമാപിക്കും. സംസ്ഥാനത്തെ വിവിധ കലാരൂപങ്ങൾ റാലിയിൽ അണിനിരക്കും. തുടർന്ന് സമ്മാനദാനം നടക്കും.