ചോറ്റാനിക്കര: റോഡരികിൽ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നത് കുരീക്കാട് നമ്പൂരീശൻമല നിവാസികളെ ദുരിതത്തിലാക്കുന്നു. ചോറ്റാനിക്കര പഞ്ചായത്തിലെ കുരീക്കാട് കോട്ടയത്ത് പാറ റോഡിലും അഗസ്ത്യ അമ്പലത്തിന് സമീപത്തും നമ്പൂരിശൻ മലയിലും എരുവേലിയിലുമാണ് റോഡരികിൽ വ്യാപകമായി മാലിന്യം വലിച്ചെറിയുന്നത്. പരാതി നൽകിയിട്ടും പഞ്ചായത്ത് ഇടപെടുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഒന്നാം വാർഡിന്റെയും പതിനാലാം വാർഡിന്റെയും അതിർത്തി പങ്കിടുന്ന സി.എം.രവി റോഡിന്റെ വശങ്ങളിൽ വലിയ കവറുകളിലും പാക്കറ്റുകളിലും കുത്തിനിറച്ചു കൊണ്ടുവന്ന് തള്ളുന്ന മാലിന്യം മഴപെയ്താൽ സമീപത്തെ വീട്ടുമുറ്റങ്ങളിലേക്ക് ഒലിച്ചെത്തുകയാണ്. മാലിന്യം നിറഞ്ഞ പ്രദേശത്ത് മൂക്കുപൊത്തി നിൽക്കേണ്ട അവസ്ഥയാണ് നാട്ടുകാർ. കുന്നുകൂടുന്ന മാലിന്യത്തിൽ ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും പ്ലാസ്റ്റിക്കും എല്ലാമുണ്ട്. ഒഴിഞ്ഞ ബിയർ കുപ്പികളും മദ്യക്കുപ്പികളും പൊട്ടി റോഡിൽ ചിതറിക്കിടക്കുന്നതും പതിവ് കാഴ്ചയാണ്.
മാംസാവശിഷ്ടം തിന്നാനെത്തുന്ന തെരുവ് നായ്ക്കൂട്ടവും ജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭീഷണിയാകുന്നുണ്ട്. ഹരിതകർമ്മ സേനയെ ഉപയോഗിച്ച് മാലിന്യ ശേഖരണം നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ലെന്നതാണ് വസ്തുത.
@@@@
സാമൂഹ്യവിരുദ്ധർ വഴിവിളക്ക് ഉൾപ്പെടെ നശിപ്പിച്ചശേഷം മാലിന്യം നിക്ഷേപിക്കുകയാണ്. നിരീക്ഷണ കാമറയുടെ ചുവട്ടിൽപോലും മാലിന്യം കൊണ്ടുവന്നിടും. ജനങ്ങൾ പ്രതികരിച്ചാൽ മാത്രമേ മാലിന്യ പ്രശ്നത്തിന് പരിഹാരമുണ്ടാവുകയുള്ളൂ.
പുഷ്പ പ്രദീപ്
ഒന്നാം വാർഡ് മെമ്പർ
--------
സി.എം.രവി റോഡിന്റെ ശോചനീയാവസ്ഥയും മാലിന്യ പ്രശ്നവും പല പ്രാവശ്യം പഞ്ചായത്തിൽ അറിയിച്ചിട്ടും ഫലമുണ്ടായില്ല. ഒന്നാം വാർഡിന്റെയും പതിനാലാം വാർഡിന്റെയും അതിർത്തി പങ്കിടുന്ന റോഡാണിത്. എം.എൽ.എയ്ക്ക് നിവേദനം നൽകിയെങ്കിലും നടപടിയായിട്ടില്ല.
രേഖ ഷാജൻ
എ.ഡി.എസ് വൈസ് പ്രസിഡന്റ്