കൊച്ചി: മൂന്നു പതിറ്റാണ്ടായി കൊച്ചി നഗരം കാത്തിരിക്കുന്ന തമ്മനം- പുല്ലേപ്പടി റോഡ് വികസനം തുടങ്ങിയിടത്തു തന്നെ. കിഫ്ബി ഫണ്ട് അനുവദിച്ചതോടെ മൊട്ടിട്ട പ്രതീക്ഷകൾ വാടിത്തുടങ്ങി.
നിർദ്ദിഷ്ട റോഡിന്റെ അലൈൻമെന്റ് പ്രകാരമുള്ള ബാഹ്യ അതിരുകൾ നിർണയിച്ച് അതിർത്തി കല്ലുകൾ സ്ഥാപിക്കൽ രണ്ട് മാസത്തിനകം പൂർത്തിയാക്കാൻ സെപ്തംബർ ആദ്യം ചേർന്ന യോഗത്തിൽ തീരുമാനമായെങ്കിലും ഇതുവരെ കാര്യമായ പുരോഗതിയില്ല. ഡിസംബറിലാണ് കല്ലിടൽ തുടങ്ങിയത്. ജനുവരി കഴിഞ്ഞാലും ഇതു തീരാനിടയില്ല. ഇതുവരെ എം.ജി.റോഡിൽ നിന്ന് പുല്ലേപ്പടി ഓവർ ബ്രിഡ്ജ് പരിസരം വരെയെ ഭാഗികമായെങ്കിലും കല്ലിടാൻ കഴിഞ്ഞിട്ടുള്ളൂ.
കൊച്ചിൻ കോർപ്പറേഷൻ, റവന്യൂ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി), കിഫ്ബി എന്നീ ഏജൻസികളാണ് കാൽ നൂറ്റാണ്ടിലേറെയായി ഫയലിൽ ഉറങ്ങുന്ന പദ്ധതിയുടെ ഇപ്പോഴത്തെ നിർവഹണക്കാർ.
സ്ഥലമേറ്റെടുക്കാൻ 93.89 കോടി രൂപ വർഷാദ്യം കിഫ്ബി അനുവദിച്ചിരുന്നു. ഇതുവരെ ഏറ്റെടുത്ത ഭൂമി റോഡ് പുറമ്പോക്കായി റവന്യൂ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി കോർപ്പറേഷന്റെ റോഡ് തദ്ദേശ വകുപ്പിൽ നിന്ന് റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുമായി. പൊതുമരാമത്ത് വകുപ്പിന്റെ പേരിലാക്കാനുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടില്ല. ഇതിനുവേണ്ടി കാക്കാതെ തന്നെ കല്ലിടൽ തുടങ്ങണമെന്ന് സെപ്തംബറിൽ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായെങ്കിലും തുടങ്ങിയത് ഡിസംബർ ആദ്യമാണ്.
പ്രതിസന്ധികൾ
• കെ.ആർ.എഫ്.ബി സ്ഥലം നിർണയിച്ച് കല്ലിട്ട് കൈമാറിയെങ്കിലേ ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കാൻ റവന്യൂ വകുപ്പിന് കഴിയൂ.
• അതിന് മുമ്പ് സാമൂഹ്യാഘാത പഠനം നടത്തണം. ഏജൻസിയെ നിശ്ചയിച്ചിട്ടുണ്ട്. പഠനറിപ്പോർട്ട് തയ്യാറാകാൻ 1-2 മാസം വേണം. അത് ജില്ലാ ഭരണകൂടവും വിദഗ്ദ്ധസമിതിയും അംഗീകരിക്കണം. ശേഷമേ പ്രാരംഭ വിജ്ഞാപനം ഇറക്കാനാകൂ.
• തുടർന്ന് നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്തും കൈയേറ്റങ്ങൾ ഒഴിപ്പിച്ചും വേണം പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ.
• റവന്യൂ പുറമ്പോക്ക് ഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണം.
• പതിറ്റാണ്ടുകൾക്ക് മുമ്പ് റോഡ് വീതി കൂട്ടാൻ ഭൂമി സ്വയം വിട്ടുനൽകിയവരിൽ ചിലർ അനധികൃത നിർമ്മാണങ്ങൾ നടത്തി. അവ ഒഴിപ്പിക്കണം.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>
എറണാകുളം, എളംകുളം, പൂണിത്തുറ വില്ലേജുകളിലെ 84 ഭൂവുടമകൾ സൗജന്യമായി വിട്ടുനൽകിയ 163.11 ആർ ഭൂമിയും കൊച്ചി നഗരസഭ 45 ഭൂവുടമകളിൽ നിന്ന് പണംകൊടുത്ത് ഏറ്റെടുത്ത 54.79 ആർ ഭൂമിയും ഉൾപ്പെടെ ആകെ 217.90 ആർ ഭൂമി കൈവശമുണ്ട്. ഇതിലെ കൈയേറ്റങ്ങൾ ഇനി വേണം നഗരസഭ ഒഴിപ്പിക്കാൻ. പുറമേ പുതിയ അലൈൻമെന്റ് പ്രകാരം ഭൂമി പുതുതായി ഏറ്റെടുക്കണം.
>>>>>>>>>>>>>>
തമ്മനം- പുല്ലേപ്പടി റോഡ്
നീളം- 3.68 കി.മീ
നിലവിലെ വീതി- 12 മീറ്റർ
നിർദിഷ്ട വീതി- 22 മീറ്റർ
തുടക്കം- പുല്ലേപ്പടി (പത്മ)
അവസാനം- ചളിക്കവട്ടം ബൈപ്പാസ്