കൊച്ചി: അപൂർവ്വ ബോൺ ട്യൂമർ ബാധിച്ച് ഒന്നരപ്പതിറ്റാണ്ടുകാലം ദുരിതംപേറിയ 57കാരന്റെ തുടയെല്ലും മുട്ടും ശസ്ത്രക്രിയയിലൂടെ വിജയകരമായി മാറ്റിവെച്ചു. ചേർത്തല സ്വദേശിയായ ജയപ്രകാശിന്റെ തുടയെല്ലിനെ ഗുരുതരമായി ബാധിച്ചിരുന്ന മുഴ എറണാകുളം ലൂർദ് ആശുപത്രിയിലാണ് മാറ്റിവെച്ചത്. ഓർത്തോപീഡിക് ആൻഡ് സ്‌പോർട്‌സ് മെഡിസിൻ, ഓങ്കോ സർജറി, അനസ്‌തേഷ്യോളജി വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
ഇസ്‌നോഫീലിക് ഗ്രാന്യൂലോമ എന്ന രോഗമായിരുന്നു ജയപ്രകാശിന്. 2007 മുതൽ പലയിടത്തായി ചികിത്സ നടത്തി. മൂന്ന് തവണ ശസ്ത്രക്രിയയ്ക്കു വിധേയനായി. റേഡിയോതെറാപ്പി, കീമോ തെറാപ്പി തുടങ്ങിയവ നടത്തിയിട്ടും ഫലം കണ്ടില്ല.
തുടർന്ന് ലൂർദ് ഹോസ്പിറ്റലിൽ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ 107 വയസകാരന്റെ കഥ മാദ്ധ്യമങ്ങളിലൂടെ അറിയാനിടയായതാണ് ജയപ്രകാശിന് തുണയായത്.
ലൂർദ് ആശുപത്രി ഓർത്തോപീഡിക് വിഭാഗം മേധാവി ഡോ. ജോൺ ടി. ജോണിന്റെ നേതൃത്വത്തിൽ നടന്ന സങ്കീർണ്ണ ശസ്ത്രക്രിയയിൽ ജയപ്രകാശിന്റെ തുടയെല്ലും മുട്ടും ഒരുമിച്ചു മാറ്റിവയ്ക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമാണെന്നും ജയപ്രകാശിനിപ്പോൾ പരസഹായമില്ലാതെ നിൽക്കാനും നടക്കാനും സാധിക്കുമെന്നും ഡോ. ജോൺ ടി. ജോൺ പറഞ്ഞു.
സർജറി വിഭാഗം മേധാവി ഡോ. സന്തോഷ് ജോൺ എബ്രഹാം, അനസ്‌തേഷ്യയോളജി വിഭാഗം മേധാവി ഡോ. ശോഭ ഫിലിപ്പ് എന്നിവർ ശസ്ത്രക്രിയയ്ക്ക് മേൽനോട്ടം വഹിച്ചു.