k

കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ക്രിസ്‌മസ് തലേന്നുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്ന വൈദികർക്കും വിശ്വാസികൾക്കുമെതിരെ സിറോമലബാർ സഭ നടപ‌ടി സ്വീകരിക്കും. അതേസമയം, നടപടിയെ ചെറുക്കാനും പ്രതിഷേധം കടുപ്പിക്കാനുമാണ് വൈദികരുടെയും വിശ്വാസികളുടെയും തീരുമാനം.

കൂദാശകളുടെ പാവനതയുടെയും അച്ചടക്കത്തിന്റെയും അതിർവരമ്പുകൾ ബസിലിക്കയിൽ ലംഘിക്കപ്പെട്ടതായി സഭാതലവൻ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി, അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്ട്രറേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് എന്നിവർ പറഞ്ഞു.

ബസിലിക്കയിൽ സമരമാർഗമായി കുർബാനയെ ഉപയോഗിച്ചത് സമാനതകളില്ലാത്ത അച്ചടക്കലംഘനമാണ്. കുർബാനയെ അവഹേളിക്കുകയും ദേവാലയത്തിന്റെ പവിത്രത കളങ്കപ്പെടുത്തുകയും ചെയ്ത എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കും. സമരത്തിൽ നിന്ന് വൈദികരും വിശ്വാസികളും പിന്മാറണമെന്ന് അവർ ആവശ്യപ്പെട്ടു.

പിന്മാറില്ലെന്ന് വൈദികർ
പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നും ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പദവിയിൽ നിന്ന് നീക്കണമെന്നും വിമത വൈദികരും അൽമായ മുന്നേറ്റം ഭാരവാഹികളും ആവശ്യപ്പെട്ടു. ആൻഡ്രൂസ് താഴത്തിനെ മാർപ്പാപ്പ പുറത്താക്കണമെന്ന് അതിരൂപത സംരക്ഷണ സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ ആവശ്യപ്പെട്ടു. ആൻഡ്രൂസ് താഴത്ത് നിയോഗിച്ച ഫാ. ആന്റണി പൂതവേലി പൊലീസിന്റെ ഒത്താശയോടെയാണ് വൈദികരെ കൈയേറ്റം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

ക്രമസമാധാനവും വൈദികരുടെയും വിശ്വാസികളുടെയും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് അൽമായ മുന്നേറ്റം കൺവീനർ ജെമി അഗസ്റ്റിൻ, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ പറഞ്ഞു.