തൃപ്പൂണിത്തുറ: തെക്കൻ പറവൂർ ബോട്ടു ജെട്ടിയിൽ യാത്രക്കാർ നിറഞ്ഞ ബോട്ടിലെ പ്രൊപ്പല്ലറിൽ വല കുരുങ്ങിയതിനാൽ ഇന്നലെ ട്രിപ്പ് റദ്ദാക്കേണ്ടിവന്നു. പള്ളിക്കടവ് ജെട്ടിയിൽ നിന്ന് പെരുമ്പളം ഇറപ്പുഴ ജെട്ടിയിലേക്ക് രാവിലെ 7.55 പോകേണ്ട ബോട്ടാണ് കാൻസൽ ചെയ്തത്.
തെക്കൻ പറവൂർ ജെട്ടിക്ക് സമീപത്തെ ബോട്ട് ചാലിൽ വലയെറിയുന്നത് പതിവാണ്. ബോട്ട് പുറപ്പെടാനൊരുങ്ങുമ്പോൾ വല ഒഴിവാക്കി പോകാൻ ശ്രമിക്കവേ വലയിൽ ഘടിപ്പിച്ച തടിക്കഷണം പ്രൊപ്പല്ലറിൽ കുരുങ്ങുകയായിരുന്നു. ജീവനക്കാരുടെയും യാത്രക്കാരുടേയും മണിക്കൂറുകളുടെ ശ്രമഫലമായാണ് വല നീക്കാനായത്. സംഭവത്തെ തുടർന്ന് നിരവധിപേർക്ക് 8.35നുള്ള അടുത്ത ബോട്ടിൽ യാത്ര തുടരേണ്ടിവന്നു. രാവിലത്തെ ബോട്ട് ക്യാൻസൽ ചെയ്താൽ അടുത്ത ബോട്ടിൽ ഇരട്ടി യാത്രക്കാരെ കയറ്റുകയാണ് പതിവ്. ഓഫീസുകളിലും മറ്റും എത്തേണ്ട യാത്രക്കാർ ഇടിച്ചുകയറാൻ ബോട്ട് ജീവനക്കാർ അനുവദിക്കുന്നത് വലിയ അപകടത്തിന് വഴിവച്ചേക്കാം. ബോട്ടു ചാലിൽ വലയിടരുതെന്ന പ്രത്യക നിർദ്ദേശം നൽകിയിട്ടുണ്ട്. നിർദേശം ലംഘിക്കുന്നവർക്ക് രാഷ്ട്രീയപിൻബലം ഉള്ളതിനാൽ നടപടി സ്വീകരിക്കാൻ കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.