
കൊച്ചി: കേരള ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസും സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാനുമായിരുന്ന വി.കെ. ബാലി എന്ന വിനോദ്കുമാർ ബാലി (77) അന്തരിച്ചു. ഡിസംബർ 24നു രാത്രി ചണ്ഡിഗഢിലെ വസതിയിലായിരുന്നു അന്ത്യം. എസ്.എൻ.സി ലാവ്‌ലിൻ കേസന്വേഷണം ഏറ്റെടുക്കാൻ സി.ബി.ഐക്ക് നിർദ്ദേശം നൽകിയതടക്കമുള്ള വിധിന്യായങ്ങൾ ബാലിയുൾപ്പെട്ട ബഞ്ചിന്റേതാണ്.
1945ൽ പാകിസ്ഥാനിൽ ജനിച്ച ബാലിയും കുടുംബവും വിഭജനകാലത്ത് പഞ്ചാബിലേക്ക് കുടിയേറിയവരാണ്. 1991ൽ പഞ്ചാബ് ഹരിയാന ഹൈക്കോടതിയിൽ ജഡ്‌ജിയായി. 2006 ജനുവരി 22നാണ് ചീഫ് ജസ്റ്റിസായി എത്തിയത്. ബാലി ചീഫ് ജസ്റ്റിസായിരിക്കെയാണ് ഹൈക്കോടതിയുടെ സുവർണ ജൂബിലി ആഘോഷിച്ചതും പുതിയ മന്ദിരത്തിലേക്ക് പ്രവർത്തനം മാറ്റിയതും. 2007 ജനുവരി 24ന് വിരമിച്ചു. പിന്നീട് 2012 മാർച്ച് വരെ സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാനായി.
കുസും ബാലിയാണ് ഭാര്യ. ഹരിയാന കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥ ചാരു ബാലി, അഭിഭാഷകനായ പുനീത് ബാലി എന്നിവർ മക്കളാണ്. ഐ.പി.എസ് ഉദ്യോഗസ്ഥൻ സന്ദീപാണ് മരുമകൻ.
സുധീരമായ നിലപാടുകളിൽ ഉറച്ചു നിന്ന് വിധി പറഞ്ഞ ന്യായാധിപനെയാണ് നഷ്ടമായതെന്ന് ഹൈക്കോടതിയിലെ അഭിഭാഷകരടക്കം സ്മരിക്കുന്നു. ലാവ്‌ലിൻ കേസിൽ ചെറുമീനുകളെ മാത്രം പ്രതികളാക്കി വിചാരണ നടത്തിയാൽ അതു കണ്ണിൽ പൊടിയിടലാകുമെന്ന് അന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കേസ് പരിഗണിക്കുന്ന ഘട്ടത്തിൽ മുഖ്യമന്ത്രിയായിരുന്ന വി.എസുമായി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തിയതും വിവാദമായി. അഡ്വക്കേറ്റ് ജനറലിന്റെ സാന്നിദ്ധ്യമില്ലാതെയായിരുന്നു കൂടിക്കാഴ്ച.
2001 ഫെബ്രുവരിയിൽ മഞ്ചേരിയിലെ ഏഴാം ക്ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ചു കൊന്ന പിതാവിനെ വെറുതേ വിട്ടുകൊണ്ടുള്ള വിധിയും ജസ്റ്റിസ് വി.കെ. ബാലിയുടെ ബെഞ്ചിന്റേതായിരുന്നു. കൊക്കകോളയ്ക്ക് നിരോധനം ഏർപ്പെടുത്തിയ കേരള സർക്കാരിന്റെ ഉത്തരവു റദ്ദാക്കി വിധി പറഞ്ഞതും ബാലി അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ്. സ്വാശ്രയ നിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്ന് വിലയിരുത്തി ഈ നിയമത്തിന്റെ ചിറകരിഞ്ഞ വിധിയും പുറപ്പെടുവിച്ചു. ഇതിനെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐയും ഡിവൈ.എഫ്.ഐയും അദ്ദേഹം വിരമിച്ച ദിവസം പ്രതീകാത്മക ഇമ്പീച്ച്‌മെന്റ് നടത്തിയിരുന്നു.