കൊച്ചി: ക്രിസ്‌മസ് തലേന്ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ കുർബാനയെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഇതര സഭകൾക്കും സംഘടനകൾക്കും അതൃപ്തി. ക്രൈസ്തവമൂല്യങ്ങൾ നിരാകരിക്കുന്ന പ്രവൃത്തികളാണ് അതിരൂപതയിൽ നടക്കുന്നതെന്ന വിമർശനവും ഉയർന്നു.
ബലിയർപ്പണത്തെ സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് പകരം പരസ്യമായ സംഘട്ടനത്തിലേക്കും സംഘർഷത്തിലേക്കും എത്തിക്കുന്നത് ക്രൈസ്തവികമല്ലെന്ന് കേരള റീജിയണൽ ലാറ്റിൻ കാത്തലിക് അസോസിയേഷൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. പ്രകടനപരമായും മത്സരത്തോടെയും ബലിയർപ്പിക്കുന്നത് അനുവദിക്കരുത്.
ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരിലുള്ള പ്രതിസന്ധി കത്തോലിക്ക വിഭാഗത്തിന് മാത്രമല്ല, ലോകത്തെമ്പാടുമുള്ള ക്രൈസ്തവർക്കും വേദനാജനകമാണെന്ന് കെ.ആർ.എൽ.സി.സി വക്താവ് ജോസഫ് ജൂഡ് പറഞ്ഞു.
സിനഡ് പിരിച്ചുവിടണം
വിശ്വാസികളുടെ തെരുവുയുദ്ധവും അൾത്താരയിൽ പുരോഹിതരുടെ ഏറ്റുമുട്ടലും കണ്ടില്ലെന്ന് നടിക്കുന്ന കേരള മെത്രാൻ സമിതിയും സിറോമലബാർ സിനഡും പിരിച്ചുവിടണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ കേന്ദ്രസമിതി യോഗം ആവശ്യപ്പെട്ടു.
ബസിലിക്കയിൽ നടന്ന രംഗങ്ങൾ ദയനീയവും വികൃതവുമായിരുന്നു. കർദ്ദിനാൾ ആലഞ്ചേരിക്കും ദേശീയ മെത്രാൻ സമിതി അദ്ധ്യക്ഷൻ കൂടിയായ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനും തിരുവസ്ത്രമുടുത്ത് തമ്മിൽ തല്ലിയ വൈദികർക്കും അവരെ പിന്തുണയ്ക്കുന്നവർക്കും ഇതിനപ്പുറം ഈശ്വരനിന്ദ നടത്താനാവില്ല.
സമൂഹത്തിനു മുന്നിൽ ക്രൈസ്തവസഭയെ കരിവാരിത്തേക്കുന്ന പുരോഹിതരെ ബഹിഷ്‌കരിക്കാൻ പ്രചാരണപരിപാടികൾ ആരംഭിക്കും.
പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു.