മൂവാറ്റുപുഴ: നഗരത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മൂവാറ്റുപുഴ മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴക്കായി ഒരു കൈയൊപ്പ് എന്ന ആശയം മുന്നോട്ടുവച്ച് മുഖ്യമന്ത്രിക്ക് ഭീമഹർജി സമർപ്പിക്കുന്നു. ഭീമഹർജി തയ്യാറാക്കലിന്റെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ അജ്മൽ ചക്കുങ്ങൽ നിർവഹിച്ചു. ബി.ജെ.പി മൂവാറ്റുപുഴ മണ്ഡലംപ്രസിഡന്റ് അരുൺ പി. മോഹൻ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ. അജീവ്, സലിം കറുകപ്പിള്ളി, ടി. ചന്ദ്രൻ, ജയ്‌ബി കുരുവിത്തടം, വിദ്യാ വേണു, മായാ ജോമോൻ, സിന്ധു മനോജ്, രഘുനാഥ് പിള്ള, സി. സജികുമാർ എന്നിവർ സംസാരിച്ചു .
മുറിക്കല്ല് ബൈപ്പാസ് യാഥാർഥ്യമാക്കുക , കേന്ദ്രാനുമതി ലഭിച്ചിട്ടുള്ള കടാതി - കാരക്കുന്നം ബൈപ്പാസിനുള്ള സ്ഥലം ഏറ്റെടുത്ത് നൽകുക, അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ച് നഗരവികസനം സാദ്ധ്യമാക്കുക, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്നിർമ്മാണം പൂർത്തീകരിക്കുക, ജനറൽ ഹോസ്പിറ്റലിലെ ശോച്യാവാസ്ത പരിഹരിക്കുക, ജൻ ഔഷധി കാരുണ്യ മെഡിക്കൽ ഷോപ്പുകൾ തുടങ്ങുക, ആധുനിക മത്സ്യമാർക്കറ്റ്, അറവുശാല, അർബൻ ഹാറ്റ് എന്നിവ പ്രവർത്തന സജ്ജമാക്കുക, ഐ.എ.എസ് അക്കാഡമി പുനരുജീവിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ഭീമഹർജിയിലുള്ളത്.