ആലുവ: ശബരിമല സങ്കൽപ്പത്തിന്റെ പവിത്രത സംരക്ഷിക്കണമെന്ന് യോഗക്ഷേമ സഭാ പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. എല്ലാ കാലത്തും ശബരിമലയുടെ മഹാത്മ്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് ഭക്തർ കൂടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിനു ജോസഫ് തയ്യാറാക്കിയ 'സ്ത്രീകളും ശബരിമലയും നിയന്ത്രണങ്ങൾക്ക് പുറകിലെ ശാസ്ത്രം' എന്ന പുസ്തകം വെളിയത്തുനാട് തന്ത്ര വിദ്യാപീഠത്തിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ ഭക്തർ കൂടുന്നത് തങ്ങളുടെ മിടുക്കാണെന്നാണ് ഭരണക്കാർ ധരിക്കുന്നത്. അങ്ങനെയല്ലെന്ന് നമുക്കറിയാം. പുരോഹിതന്മാർ സമൂഹത്തിനും ഭക്തർക്കും വഴികാട്ടികളാകണം. ശാന്തിക്കാർ ഇപ്പോഴും ക്ലാസ് ഫോർ ജീവനക്കാരാണെന്ന വസ്തുത നാം തിരിച്ചറിയണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
തന്ത്ര വിദ്യാപീഠം വൈസ് ചാൻസലർ സുബ്രഹ്മണ്യൻ നമ്പൂതിരി മുഖ്യാതിഥിയായിരുന്നു. മേൽശാന്തി സമാജം വൈസ് പ്രസിഡന്റ് ദാമോദരൻ പോറ്റി, മാളികപ്പുറം മുൻ മേൽശാന്തി കരിക്കോട് ഉണ്ണികൃഷ്ണൻ നമ്പൂതിരി, ആലങ്ങാട് യോഗം ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കാമ്പിള്ളി ശങ്കരൻ വേണുഗോപാൽ, പരിഭാഷക ജ്യോതിർമയി ശങ്കരൻ, ഗ്രന്ഥകാരി സിനു ജോസഫ്, അഖില ഭാരതീയ അയ്യപ്പ ധർമ്മ പ്രചാര സഭ ദേശീയ പ്രസിഡന്റ് കെ. അയ്യപ്പദാസ്, ആലങ്ങാട് യോഗം ട്രസ്റ്റ് സെക്രട്ടറി എ.സി. കലാധരൻ, ട്രഷറർ എം.ജി. ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു. ഇംഗ്ലീഷിൽ എഴുതിയ പുസ്തകം തമിഴ്, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.