fit
തായിക്കാട്ടുകര എഫ്.ഐ.ടി

ആലുവ: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ആലുവ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂറിന്റെ (എഫ്.ഐ.ടി) ഭൂമിയിൽ അഞ്ച് ഏക്കർ നോർക്കയുടെ കീഴിലെ ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിംഗിന് (ഒ.കെ.ഐ.എച്ച്.എൽ) കൈമാറാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം.

മരഫർണിച്ചർ നിർമ്മിക്കുന്ന സ്ഥാപനമാണ് എഫ്.ഐ.ടിക്ക് ദേശീയപാതയ്ക്കരികിൽ ഒന്നര ഏക്കർ ഭൂമി സ്വന്തമായും 7.5 ഏക്കറോളം പാട്ടഭൂമിയുണ്ട്. 1967 മുതൽ പ്രതിവർഷം 3,628 രൂപയാണ് പാട്ടത്തുകയായി അടയ്ക്കുന്നത്.

സർക്കാർ നടപടികൾ രേഖാമൂലം ചൂർണിക്കര ഗ്രാമപഞ്ചായത്തിനെ ആലുവ തഹസിൽദാർ അറിയിച്ചപ്പോഴാണ് എഫ്.ഐ.ടിയുടെ ഭൂമി കൈമാറാനുള്ള നീക്കം പുറത്തറിയുന്നത്. ഒരാഴ്ച മുമ്പ് പോലും പാട്ടത്തുക താലൂക്ക് ഓഫീസിൽ അടച്ചപ്പോഴും ഭൂമി സർക്കാർ തിരിച്ചെടുക്കുന്നതായുള്ള വിവരം എഫ്.ഐ.ടി അറിഞ്ഞിരുന്നില്ല.

വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിന് 10 സെന്റ് ഭൂമിക്കായി ചൂർണിക്കര ഗ്രാമപഞ്ചായത്ത് സർക്കാരിലേക്ക് പലവട്ടം കത്ത് നൽകിയിട്ടും പരിഹാരമില്ലാതിരിക്കെയാണ് ഒ.കെ.ഐ.എച്ച്.എല്ലിന്റെ വഴിയോര വിശ്രമകേന്ദ്രത്തിന് ഭൂമി വിട്ടുനൽകുന്നത്.

2021 ഫെബ്രുവരി നാലിലെ സർക്കാർ ഉത്തരവ് പ്രകാരം ഒരു ഏക്കർ ഭൂമി 10 വർഷത്തേക്ക് കമ്പോളവിലയുടെ അഞ്ച് ശതമാനം പാട്ടനിരക്കായി നിശ്ചയിച്ച് ഒ.കെ.ഐ.എച്ച്.എല്ലിന് കൈമാറാനാണ് തീരുമാനം. ഒ.കെ.ഐ.എച്ച്.എൽ അഞ്ച് ഏക്കർ ഭൂമി വേണമെന്ന് ആവശ്യപ്പെട്ടതിനാൽ അപേക്ഷ കളക്ടറുടെ പരിഗണനയിലാണ്.

ലൈഫ് പദ്ധതിക്കായി ഭൂമി നൽകണമെന്ന് പഞ്ചായത്ത്

എഫ്.ഐ.ടിയുടെ കൈവശമുള്ള പുറമ്പോക്ക് ഭൂമിയിൽ 10 സെന്റ് ചൂർണിക്കര വില്ലേജ് ഓഫീസിനും നാല് ഏക്കർ ലൈഫ് പദ്ധതിക്കും വിട്ടുനൽകണമെന്ന് ചൂർണിക്കര ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു. സ്ഥലം ഒ.കെ.ഐ.എച്ച്.എല്ലിന് നൽകാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടു. പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, മുഹമ്മദ് ഷെഫീക്, റൂബി ജിജി, ഷീല ജോസ് തുടങ്ങിയവർ സംസാരിച്ചു. ഭൂമി ലീസിന് കൊടുക്കാനുള്ള നീക്കം കച്ചവട താത്പര്യമാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി കുറ്റപ്പെടുത്തി.

അറിയിച്ചിട്ടില്ലെന്ന് എഫ്.ഐ.ടി ചെയർമാൻ

ഭൂമി ഏറ്റെടുക്കുന്നത് ഇതുവരെ അറിയിച്ചിട്ടില്ലെന്ന് എഫ്.ഐ.ടി ചെയർമാൻ അനിൽകുമാർ പറഞ്ഞു. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ ബോർഡും വ്യവസായ വകുപ്പും ഒരു പോലെ എതിർപ്പ് അറിയിച്ചിട്ടുണ്ട്. റോഡ് അരികിൽ പെട്രോൾ പമ്പ് തുറക്കാനും പിൻവശത്ത് വെയർഹൗസ് തുറക്കാനും സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.