തൃപ്പൂണിത്തുറ: സംസ്കൃത കോളേജിൽ ശാസ്ത്ര സദസ് ഇന്ന് നടക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സ്കൂൾ, കോളേജ് തലങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റും ടോഫിയും വിതരണം ചെയ്തു.
ഹൈസ്കൂൾ വിഭാഗം സംസ്കൃതം പദ്യം ചൊല്ലലിന് ഏർപ്പെടുത്തിയിട്ടുള്ള പണ്ഡിത രാജൻ ഡി. ദാമോദരപ്പിഷാരടി മെമ്മോറിയൽ ട്രോഫി ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർസെക്കൻഡറി സ്കൂളും യു.പി. വിഭാഗം സംസ്കൃതം പദ്യം ചൊല്ലലിനുള്ള പ്രൊഫസർ എച്ച്. ഗോപാലകൃഷ്ണ അയ്യർ മെമ്മോറിയൽ ട്രോഫി കാലടി ബി.എസ്.യു.പി.എസും കരസ്ഥമാക്കി.
ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ അക്കാഡമിക്ക് ഡയറക്ടർ ഡോ. ഗൗരി മൗലിക്കർ ശാസ്ത്ര സദസ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ.വി.കെ. അമല അദ്ധ്യക്ഷത വഹിക്കും. ഡോ. കെ.ജി. പൗലോസ് മുഖ്യപ്രഭാഷണം നടത്തും.