കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം 2023 ജനുവരി 5 മുതൽ 16 വരെ ആഘോഷിക്കും. ക്ഷേത്ര വെബ് സൈറ്റ് www.thiruvairanikkulamtemple.org സന്ദർശിച്ച് ദർശനത്തിന് വെർച്വൽ ക്യൂ ബുക്ക് ചെയ്യാം.
കെ.എസ്.ആർ.ടി.സി ആലുവ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി ഡിപ്പോകളിൽ നിന്ന് ക്ഷേത്രത്തിലേക്ക് സ്‌പെഷ്യൽ സർവീസ് നടത്തും. തീർത്ഥാടന പാക്കേജിൽ ഉൾപ്പെടുത്തി കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസുകളുമുണ്ടാകും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിനു സമീപത്തുള്ള മാറമ്പിള്ളി പി.എച്ച്.സിയിലും ശ്രീമൂലനഗരം എഫ്.എച്ച്.സിയിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
പാർക്കിംഗിനായി ക്ഷേത്രത്തിന്റെ മൂന്നു പാർക്കിംഗ് ഗ്രൗണ്ടുകളും സ്വകാര്യ പാർക്കിംഗ് ഗ്രൗണ്ടുകളും തയാറാക്കിയിട്ടുണ്ട്. തെക്കൻ ജില്ലകളിൽ നിന്നുവരുന്ന വലിയ വാഹനങ്ങൾക്ക് ആലുവ - അങ്കമാലി റോഡിൽ ദേശം കവലയിൽ നിന്നോ ആലുവ - പെരുമ്പാവൂർ കെ.എസ്. ആർ.ടി.സി റോഡിലെ മഹിളാലയം പാലത്തിലൂടെയോ ശ്രീമൂലനഗരം - വല്ലം റോഡിൽ പ്രവേശിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരാം.
വടക്കൻ ജില്ലകളിൽ നിന്നുവരുന്ന വലിയ വാഹനങ്ങൾക്ക് അങ്കമാലി - പെരുമ്പാവൂർ എം.സി. റോഡിലൂടെ കാലടിയിൽ വന്ന് വലത്തോട്ടു തിരിഞ്ഞ് ക്ഷേത്രത്തിലെത്തിച്ചേരാം. തെക്കൻ ജില്ലകളിൽ നിന്നെത്തുന്ന ചെറുവാഹനങ്ങൾ മാറമ്പിള്ളി ശ്രീമൂലം പാലം കടന്ന് സൗപർണ്ണിക പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം. വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടുള്ളവർക്ക് ബുക്കിംഗ് രസീത് ദേവസ്വം പാർക്കിംഗ് ഗ്രൗണ്ടുകളായ കൈലാസം, സൗപർണ്ണിക എന്നിവിടങ്ങളിലെ വെർച്വൽ ക്യൂ വെരിഫിക്കേഷൻ കൗണ്ടറിൽ കാണിച്ച് ദർശനപാസ് വാങ്ങി ക്ഷേത്രത്തിൽ പ്രവേശിക്കാം.
അൻവർ സാദത്ത് എം.എൽ.എയുടെയും ജില്ലാ കളക്ടർ രേണു രാജിന്റെയും നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ.എ. പ്രസൂൺകുമാർ, വൈസ് പ്രസിഡന്റ് പി.യു. രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി പി.ജി. സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.