
കൊച്ചി: സ്കൂൾ കലോത്സവത്തിൽ സ്റ്റേജ് മാനേജർമാരുടെയും സംഘാടകരുടെയും പിഴവുകൊണ്ട് മത്സരാർത്ഥികൾക്ക് അപകടമുണ്ടായാൽ ഉത്തരവാദികൾ ബാലാവകാശ നിയമപ്രകാരമുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്.
തൃശൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ ചവിട്ടു നാടകത്തിൽ മൂന്നാം സ്ഥാനം കിട്ടിയ തന്റെ ടീമിന് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലേക്ക് സെലക്‌ഷൻ നിഷേധിച്ചതിനെതിരെ തൃശൂർ സ്വദേശി ശിവാനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ മുന്നറിയിപ്പ്. ശിവാനിയുടെ ടീം ചവിട്ടു നാടകം അവതരിപ്പിക്കുന്നതിനിടെ ടീമിലെ ഒരു കുട്ടിയുടെ പാദം സ്റ്റേജിലെ കുഴിയിൽ കുടുങ്ങി പരിക്കേറ്റിരുന്നു. ഇതു വകവയ്ക്കാതെ മത്സരം തുടർന്നാണ് ഇവരുടെ ടീം മൂന്നാം സ്ഥാനം നേടിയത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ മത്സരത്തിനുശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സ്റ്റേജിലെ കുഴികൾ തങ്ങളുടെ പ്രകടനത്തെ ബാധിച്ചെന്നാരോപിച്ചാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അപ്പീൽ നൽകിയെങ്കിലും അപ്പീൽ കമ്മിറ്റി തള്ളിയിരുന്നു. തുടർന്നാണ് ദൃശ്യങ്ങൾ സഹിതം ഹൈക്കോടതിയെ സമീപിച്ചത്. മരപ്പലകകൾ ക്രമമായി അടുക്കാതെയും കാർപ്പറ്റ് ശരിയായി വിരിക്കാതെയുമൊരുക്കുന്ന സ്റ്റേജുകൾ മത്സരാർത്ഥികൾക്ക് പരിക്കുണ്ടാക്കുന്നതായി നിരവധി പരാതികൾ ഇതിനകം ലഭിച്ചിട്ടുണ്ടെന്ന് സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. സംഘാടകർ പിഴവുകളില്ലാത്ത വിധം സ്റ്റേജുകൾ ഒരുക്കിയാൽ മാത്രമേ മത്സരാർത്ഥികൾക്ക് അപകടവും ഭയവുമില്ലാതെ മത്സരിക്കാനാവൂ. ഹർജിക്കാരിയുടെ അപ്പീൽ വീണ്ടും അപ്പീൽ കമ്മിറ്റി പരിഗണിക്കാനും ഉത്തരവിൽ പറയുന്നു.
ആഭരണങ്ങളും പിന്നുകളും സ്റ്റേജിൽ വീണു കിടക്കരുത്
നൃത്തയിനങ്ങളിലും മറ്റും മത്സരിക്കുന്നവരിൽ നിന്ന് സ്റ്റേജിൽ വീഴുന്ന ആഭരണങ്ങളും പിന്നുകളും തുണികളും തൊട്ടു പിന്നാലെ മത്സരിക്കാനെത്തുന്നവർക്ക് അപകടവും ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ലെന്ന് സംഘാടകർ ഉറപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. തിരുവനന്തപുരം സ്വദേശി കൃഷ്‌ണപ്രിയ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ സംഘനൃത്തത്തിൽ തങ്ങളുടെ ടീമിനു മുമ്പ് മത്സരിച്ച ടീമിലെ ഒരു കുട്ടിയിൽ നിന്ന് താഴെ വീണ തുണി പിന്നീട് മത്സരിക്കാനെത്തിയ തന്റെ കാലിൽ ചുറ്റിയെന്നും ഇത് പ്രകടനത്തെ ബാധിച്ചെന്നുമാണ് ഹർജിക്കാരി ദൃശ്യങ്ങൾ ഹാജരാക്കി വാദിച്ചത്. ഇതു പരിശോധിച്ച് ശരിവച്ച സിംഗിൾബെഞ്ച് സ്റ്റേജിൽ ഇത്തരം തടസങ്ങളും പ്രശ്നങ്ങളുമില്ലെന്ന് സ്റ്റേജ് മാനേജർമാർ ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചു. കൃഷ്ണപ്രിയയുടെ അപ്പീൽ വീണ്ടും അപ്പീൽ കമ്മിറ്റി പരിഗണിക്കാനും ഉത്തരവിട്ടിട്ടുണ്ട്.