ആലുവ: ക്രിസ്മസ് ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ വൃത്തിയാക്കി എടത്തല കെ.എം.ഇ.എ കോളേജ് എൻ.എസ്.എസ് വളണ്ടിയർമാർ മാതൃകയായി. എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ബസുകളും പരിസരവും വൃത്തിയാക്കിയത്.
'ആഘോഷങ്ങൾ ലഹരി വിമുക്തമാകട്ടെ' എന്ന ആശയത്തിൽ ലഹരി വിമുക്ത കാമ്പയിനും സംഘടിപ്പിച്ചു. പ്രോഗാം ഓഫിസർ മുഹമ്മദ് യാസിർ, ജില്ലാ കോഓർഡിനേറ്റർ അജാസുദ്ദീൻ, അദ്ധ്യാപകരായ കെ.വി. സന്ദീപ്, അഹമ്മദ് ജാസിം, എ.എ. സമീറ എന്നിവർ നേതൃത്വം നൽകി. ആലുവ കെ.എസ്.ആർ.ടി.സി ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, ഇൻസ്‌പെക്ടർ കുഞ്ഞുമോൻ, ഡ്രൈവർ വിപിൻ എന്നിവരും പങ്കെടുത്തു.