
കൊച്ചി: അവസാനം വരെ പൊരുതിയ ഒഡിഷയെ ഒരു ഗോളിന് തോൽപ്പിച്ച് ആരാധകർക്ക് ക്രിസ്‌മസ്- പുതുവത്സര സമ്മാനം നൽകി കേരള ബ്ളാസ്റ്റേഴ്സ്. നിശ്ചിത തീരാൻ നാലു മിനിട്ടു മാത്രം ബാക്കിനിൽക്കെയാണ് ബ്ളാസ്റ്റേഴ്സിന് വേണ്ടി സന്ദീപ് സിംഗ് ഹെഡറിലൂടെ വിജയഗോൾ സ്വന്തമാക്കിയത്. കടുത്ത പ്രതിരോധവും ഗോൾ വീഴ്‌ത്താൻ ശ്രമങ്ങളും നടത്തിയ ഒഡിഷയും മികച്ച കളിയാണ് കാഴ്ചവച്ചത്. എങ്കിലും സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ തങ്ങളെ തോൽപ്പിച്ചതിന് പകരം വീട്ടാൻ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞു.
കളിയുടെ 86- ാം മിനിട്ടിലാണ് ബ്ളാസ്റ്റേഴ്സ് ഗോൾ നേടി ആരാധകരെ സന്തോഷത്തിലാറാടിച്ചത്. ഗോൾ ബോക്സിന്റെ ഇടതുവശത്തു നിന്ന് ബ്ളാസ്റ്റേഴ്സിന്റെ ബ്രൈസ് ബ്രിയാൻ മിറാൻഡ അടിച്ച പന്ത് പിടിച്ചെടുക്കാൻ ഗോളി ശ്രമിച്ചെങ്കിലും കളത്തിലേയ്ക്ക് പോയി. വലതുവശത്തേയ്ക്ക് ഉയർന്നെത്തിയ പന്തിനെ കുതിച്ചെത്തിയ സന്ദീപ് സിംഗ് വലതു വശത്തുനിന്ന് തല കൊണ്ട് തൊടുത്തുവിട്ടത് ഗോളിയെയും മറികടന്ന് വലയിൽ പതിച്ചു. അപ്രതീക്ഷിത ഗോളിൽ സ്റ്റേഡിയം ആരവങ്ങളിൽ പ്രകമ്പനം കൊണ്ടു. ബ്ളാസ്റ്റേഴ്സ് താരങ്ങളും ആഘോഷത്തിമിർപ്പിലായി.
ആദ്യഗോൾ വീണതോടെ വർദ്ധിതവീര്യത്തോടെ ബ്ളാസ്റ്റേഴ്സ് കളിക്ക് ഹരം പകർന്നു. ഒഡിഷയുടെ കളത്തിലേയ്ക്ക് കുതിച്ചുകയറിയ ബ്ളാസ്റ്റേഴ്സ് ഗോൾ മുഹൂർത്തങ്ങൾ വീണ്ടും സൃഷ്ടിച്ചു. നിഹാൽ സുധീഷ് പന്തുമായി മുന്നേറി ഇടതുകാലിന് അടിച്ചെങ്കിലും ഇടതുമൂലയിൽ മുകളിലൂടെ പുറത്തുപോയി. തൊട്ടുപിന്നാലെ വീണ്ടും ലഭിച്ച പന്തും നിഹാൽ സുധീഷ് അടിച്ചെങ്കിലും ഗോളി പിടിച്ചെടുത്തു.
കളിയുടെ തുടക്കത്തിൽ മികച്ച മുന്നേറ്റം കാഴ്ച വച്ച ഒഡിഷയ്ക്ക് നേരിയ വ്യത്യാസത്തിലാണ് ഗോൾ നഷ്ടമായത്.നാലാം മിനിട്ടിൽ കേരള ബ്‌ളാസ്‌റ്റേഴ്‌സിന്റെ വലതുമൂലയിൽ നിന്ന് ലഭിച്ച പന്ത് നീട്ടിയടിച്ചത് ഗോൾ മുഖത്തെത്തി. ഒഡിഷയുടെ താരം അടിച്ച പന്ത് ബാറിൽ തട്ടി തിരിച്ചുവന്നു. വീണ്ടും ഒഡിഷക്ക് ലഭിച്ച പന്ത് ശക്തമായി അടിച്ചെങ്കിലും വലയ്ക്കു മുകളിലൂടെ പുറത്തുപോയി.
പതിനൊന്നാം മിനിട്ടിൽ ഒഡിഷയുടെ ഗോൾ മുഖത്തേയ്ക്ക് കുതിച്ചെത്തിയെങ്കിലും അവസരം മുതലാക്കാൻ ബ്‌ളാസ്‌റ്റേഴ്‌സിന് കഴിഞ്ഞില്ല. ഇവാൻ കലിൻഷൂയി നൽകിയ പാസ് ദിമിത്രിയോണ് അടിച്ചത്. ഗോൾ പോസ്റ്റിന് സമീപത്ത് കൂടി പന്ത് പുറത്തുപോയി. ഏതാനും മിനിറ്റുകൾക്കകം വീണ്ടും അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 48 ാം മിനിട്ടിൽ ജസൽ അലന് ലഭിച്ച അവസരവും വലയ്ക്ക് മുകളിലൂടെ പുറത്താണ് പതിച്ചത്.
58 ാം മിനിട്ടിൽ ബ്ളാസ്റ്റേഴ്സിന്റെ ദിമിത്രിയോസ് നടത്തിയ ശ്രമം ഗോളിലെത്താതെ കലാശിച്ചു. കോർണർ കിക്കിലൂടെ സഹൽ സമദ് നൽകിയ പന്ത് ഗോൾ ബോക്സിന്റെ ഇടതുമൂലയിൽ നിന്ന് അടിച്ചെങ്കിലും വലയ്ക്ക് മുകളിലൂടെ പുറത്തുപോയി. 74 ാം മിനിട്ടിൽ ഐവാൻ തല കൊണ്ട് തട്ടിയിട്ട പന്ത് ജെസൽ കാർനേറോ അടിച്ചെങ്കിലും ഒഡിഷ ഗോളി അമൃതിന്ദർ സിംഗ് തടഞ്ഞുപിടിച്ചു.
കളിയിൽ ഏഴുപേർക്ക് മഞ്ഞക്കാർഡ് ലഭിച്ചു. ബ്ളാസ്റ്റേഴ്സിന്റെ പി. ഗിൽ, സന്ദീപ് സിംഗ്, മാർകോ ലെസ്കോവിക് ഒഡിഷയുടെ നന്ദകുമാർ ശേഖർ, എന്നിവർക്കാണ് ആദ്യപകുതിയിൽ മഞ്ഞക്കാർഡ് ലഭിച്ചത്. രണ്ടാം പകുതിയിൽ ഒഡീഷയുടെ ആഡ്രിയാൻ ലൂന, നരേന്ദ്രർ ഗേലോട്ട്, ഐവാൻ എന്നിവർക്കും മഞ്ഞക്കാർഡ് ലഭിച്ചു.
കഴിഞ്ഞ രണ്ടു കളികളിലും വിജയിക്കാൻ കഴിയാതെയാണ് ഒഡീഷ ഇന്നലെ കളിക്കിറങ്ങിയത്. ഗോവയുമായുള്ള കളിയിൽ തോൽവിയും മോഹൻ ബഗാനുമായി സമനിലയുമായതിന്റെ ക്ഷീണം തീർക്കാൻ കൊച്ചിയിൽ വിജയം തന്നെ ലക്ഷ്യമിട്ടായിരുന്നു ഒഡീഷയുടെ നീക്കം.
ആവേശം തണുത്ത് ആരാധകർ
കൊച്ചി നഗരം ക്രിസ്മസ് അവധിയുടെ മൂഡിലായതുമൂലം ആരാധകരുടെ ആവേശം കുറഞ്ഞു. സ്‌റ്റേഡിയം നിറഞ്ഞില്ല. ഗ്യാലറി പലയിടത്തും ഒഴിഞ്ഞുകിടന്നു. കളിയുടെ തുടക്കത്തിൽ മഞ്ഞപ്പട ആവേശം വിതറാൻ ശ്രമിച്ചെങ്കിലും ബ്‌ളാസ്‌റ്റേഴ്‌സ് അവസരങ്ങൾ നഷ്ടമാക്കിയതോടെ ആരവം കുറഞ്ഞു. ആദ്യപകുതിയുടെ ഭൂരിപക്ഷം സമയത്തും പന്ത് കൈവശം വച്ചത് ഒഡിഷയായിരുന്നു. ഗോൾ മുഖം വരെയെത്തുന്ന പ്രകടനത്തിന് ഒഡിഷക്ക് കഴിഞ്ഞു. കനത്ത പ്രതിരോധം വഴിയും ഗോൾ കീപ്പറുടെ ജാഗ്രത മൂലവും ഗോളുകൾ ഒഴിവായി. തങ്ങളുടെ താരങ്ങൾ പതറിയതാണ് ആരാധകരുടെ ആവേശം പലപ്പോഴും തണുപ്പിച്ചത്. അവസാന മനിറ്റുകളിൽ ലഭിച്ച ഗോൾ അവർ ആഘോഷിക്കുകയും ചെയ്തു.