കൊച്ചി: കേരളകൗമുദിയുടെ 111-ാം വാർഷികവും കേരളകൗമുദി-സ്കൂഗിൾ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും നാളെ (ബുധൻ) വൈകിട്ട് ആറിന് എറണാകുളം ബി.ടി.എച്ചിൽ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള നിർവഹിക്കും. കേരളകൗമുദിയുടെ 111-ാം വാർഷികത്തോടനുബന്ധിച്ചാണ്

സിവിൽ സർവീസ് ഉൾപ്പെടെയുള്ള മത്സരപ്പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി കേരളകൗമുദി-സ്കൂഗിൾ എന്ന പേരിൽ പദ്ധതി ഒരുക്കുന്നത്.

പൊതുവിജ്ഞാന ചോദ്യങ്ങളെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയും മാറിയ കാലത്തിനനുസരിച്ച് വിദ്യാഭ്യാസ മേഖലയെ കൈപിടിച്ചുയർത്തുകയുമാണ് ലക്ഷ്യം. 111 സംരംഭകരെ ഉൾപ്പെടുത്തി കേരളകൗമുദി പുറത്തിറക്കുന്ന 'സംരംഭകർക്കൊപ്പം കേരളകൗമുദി', മാറുന്ന ഭക്ഷണസംസ്കാരത്തിലെ നെല്ലും പതിരും തിരിച്ചറിയാൻ വിദ്യാർത്ഥികളെ കൂടി ലക്ഷ്യമാക്കി പുറത്തിറക്കുന്ന 'ഹെൽത്തി കിച്ചൺ 2' എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ഗോവ ഗവർണർ നിർവഹിക്കും.

കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ സ്വാഗതം പറയും. ടി.ജെ. വിനോദ് എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനാകും. കൗൺസിലർ പദ്മജ എസ്. മേനോൻ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ എന്നിവർ ആശംസ നേരും. കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ നന്ദി പറയും.