പറവൂർ: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ കുത്തേറ്റ് ചേന്ദമംഗലം കൂട്ടുകാട് കോട്ടയത്ത് വീട്ടിൽ നാരായണൻകുട്ടി - ലളിത ദമ്പതികളുടെ മകൻ കെ.എൻ. ബാലചന്ദ്രൻ (37) മരിച്ചു. വിവരമറിഞ്ഞ പിതൃസഹോദരി കുട്ടുകാട് കോട്ടയത്ത് സാവിത്രി (80) മരിച്ചു. ഇവർ ഏറെ നാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു.
ബാലചന്ദ്രനെ കൊലപ്പെടുത്തിയ സുഹൃത്ത് നന്ത്യാട്ടുകുന്നം മാത്തയിൽ മുരളീധരൻ നായരെ (55) പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വിദേശത്ത് ജോലിയായിരുന്ന മുരളീധരൻ നായർ നന്ത്യാട്ടുകുന്നം സ്കൂളിന് സമീപമുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. ബാലചന്ദ്രനും മറ്റൊരു സുഹൃത്തായ കൈതാരം സ്വദേശി സിറാജും കുറച്ചു നാളായി മുരളീധരന്റെ വീട്ടിലായിരുന്നു താമസം. 25ന് വൈകിട്ട് അഞ്ചരയോടെ മൂവരും മറ്റൊരാളുമായി ചേർന്ന് മുരളീധരൻ നായരുടെ വീട്ടിലിരുന്ന് മദ്യപിക്കുമ്പോഴാണ് സംഭവം. വാക്കുതർക്കത്തിനിടെ മുരളീധരൻ നായർ കത്തിയെടുത്ത് ബാലചന്ദ്രനെ നെഞ്ചിൽ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ നാലാമൻ സ്ഥലം വിട്ടിരുന്നു.
കുത്തേറ്റ ബാലചന്ദ്രൻ മുറിയിൽ വീണതോടെ മദ്യലഹരിയിലായിരുന്ന മുരളീധരൻ നായരും സിറാജും മറ്റൊരുമുറിയിൽ കിടന്നുറങ്ങി. കുറേ സമയത്തിനു ശേഷം ഉണർന്ന സിറാജ് സൈക്കിളിൽ പറവൂർ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പൊലീസെത്തി ബാലചന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊലീസ് എത്തിയപ്പോൾ മുരളീധരൻ നായർ മദ്യലഹരിയിൽ ഉറക്കത്തിലായിരുന്നു.
പൊലീസ് മരണ വിവരം ബാലചന്ദ്രന്റെ തറവാട്ടിൽ അറിയിച്ചതിനു പിന്നാലെയാണ് അവിടെ താമസിച്ചിരുന്ന സാവിത്രി മരിച്ചത്.
മുനമ്പം ഡി.വൈ.എസ്.പി എം.കെ. മുരളി, എസ്.ഐ പ്രശാന്ത് പി. നായർ എന്നിവരുടെ നേതൃത്വത്തിൽ മുരളീധരൻ നായരെ അറസ്റ്റ് ചെയ്തു. ഒരുവർഷം മുമ്പ് മദ്യപിക്കുന്നതിനിടെ സിറാജിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലും മുരളീധരൻ നായർ പ്രതിയാണ്.
ബാലചന്ദ്രന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. ഭാര്യ: രോഹിണി. മക്കൾ: നിഹാൽ ചന്ദ്രൻ, ഡിയ. സാവിത്രിയുടെ മൃതദേഹം സംസ്കരിച്ചു. ഭർത്താവ് പരേതനായ രാധാകൃഷ്ണൻ.