തൃപ്പൂണിത്തുറ: ഒരു വളവും ചെയ്യാതെ തന്നെ നെല്ല് സമൃദ്ധമായി വിളയുന്ന കായൽ തീരത്തിനോടടുത്തുള്ള കരിനിലങ്ങളും എന്തു കൃഷിചെയ്താലും സമൃദ്ധമായി വിളയുന്ന പത്തരമാറ്റ് മണ്ണുമുള്ള കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്തായ പെരുമ്പളത്തെ കർഷകർ ഇന്ന് പട്ടിണിയിലും ദുരിതത്തിലുമാണ്.
നെൽക്കൃഷിയിൽ ജില്ലയിൽ രണ്ടാം സ്ഥാനവും പട്ടയക്കാട്, പെരിഞ്ചിറക്കരി പാടശേഖരങ്ങളിൽ നടത്തിയ ഗ്രൂപ്പ് ഫാമിംഗിൽ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് നിരവധി തവണ പുരസ്കാരങ്ങൾ നേടിയ ചരിത്രവുമുണ്ട് പെരുമ്പളത്തിന്.
നെൽക്കൃഷി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും അത് നടപ്പാക്കിയ രീതിയിലെ അശാസ്ത്രീയതയാണ് വിനയായത്. ഇത് പ്രകാരം നിലമൊരുക്കൽ, വിത്ത് വിതയ്ക്കൽ, കളപറിക്കൽ എന്നിവ സമയബന്ധിതമായി ചെയ്തെങ്കിലും തൊഴിൽ ദിനങ്ങൾ തീർന്നതിനാൽ നാലുമാസം കഴിഞ്ഞുവന്ന വിളവെടുപ്പിന് കൊയ്യാൻ ആളില്ലാതെ തിരുനിലം, കോയിക്കൽ തുടങ്ങിയ പാടശേഖരങ്ങളിലെ ഏക്കർ കണക്കിന് വിളഞ്ഞു കിടന്ന നെല്ല് പശുക്കളുടെയും പറവകളുടെയും ആഹാരമായി മാറി. അതോടെ നെൽക്കൃഷി നിലയ്ക്കുകയും ഭൂരിഭാഗം പാടങ്ങളും കാടുകയറി നശിക്കുകയുമാണുണ്ടായത്.
തൊഴിൽ ദിനങ്ങൾ ശാസ്ത്രീയമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമസഭകളിലും കാർഷിക വികസന സമിതികളിലും കർഷകർ ശക്തമായി പ്രതിഷേധിച്ചെങ്കിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കൃഷിവകുപ്പ് കർഷകരുടെ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തി 6-ാം വാർഡിൽ കൊല്ലാറയ്ക്കൽ അനിൽകുമാറിന്റെ കൃഷിഭൂമിയിൽ 224 തൊഴിൽ ദിനങ്ങൾ ഉപയോഗിച്ച് 72,893 രൂപ മുടക്കി ചെയ്ത മുരിങ്ങ കൃഷിയും അധികൃതരുടെ നിരുത്തരവാദ സമീപനം കൊണ്ട് നഷ്ടത്തിൽ കലാശിച്ചു.
കൃഷികളിൽ തിരിച്ചടികൾ നേരിട്ടതോടെ തൊഴിലാളികൾ മറ്റ് ജോലികൾ തേടി പോകേണ്ട ഗതികേടായി.
കർഷകർ പരാതി നൽകി
തൊഴിലാളിക്ക് 100 തൊഴിൽ ദിനങ്ങൾ നൽകണമെന്ന വ്യവസ്ഥ പഞ്ചായത്ത് പാലിച്ചില്ല, ക്ഷീര കർഷകർക്ക് 70 കാലിത്തൊഴുത്ത് അനുവദിച്ചെങ്കിലും അതിന്റെ പണം നൽകിയില്ല തുടങ്ങിയ ഒട്ടേറെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് കർഷകർ ഓംബുഡ്സ്മാന് പരാതി കൊടുത്തിരിക്കുകയാണ്.
....................
കൃഷിഭൂമിയിൽ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് കാർഷിക ജോലികൾ ചെയ്യിക്കുന്നതിന് വേണ്ടി കരമടച്ച രസീത് സഹിതം അപേക്ഷ നൽകിയെങ്കിലും പദ്ധതികൾ ഏറ്റെടുത്ത് ചെയ്യുവാൻ പഞ്ചായത്ത് സന്നദ്ധത കാണിച്ചില്ല
കെ.ആർ. സോമനാഥൻ
കർഷകൻ
വഴിയോരങ്ങളിൽ തണൽമരം, ഔഷധക്കൃഷി, ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ തുടങ്ങിയ പദ്ധതികൾ ഓരോ വാർഡുകളിലും ചെയ്യുന്നുണ്ടെങ്കിലും തുടർ സംരക്ഷണം ഇല്ലാത്തതിനാൽ വൻ പരാജയമായി മാറുന്നു. അധികൃതർ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണം.
എം.എസ്. ദേവരാജ്
പൊതുപ്രവർത്തകൻ