കുറുപ്പംപടി: സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്തായി മാറാൻ ഒരുങ്ങുകയാണ് കൂവപ്പടി ഗ്രാമപഞ്ചായത്ത്. കെ.എസ്.ഇ.ബിയിൽ നിന്നുള്ള പഞ്ചായത്തിന്റെ നിലവിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കുക, പൊതുജനങ്ങൾക്കിടയിൽ സൗരോർജപദ്ധതിക്ക് പ്രചാരം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ വാർഷിക പദ്ധതിയിൽ 4.95 ലക്ഷം രൂപയാണ് സൗരോർജപാനൽ സ്ഥാപിക്കുന്നതിന് വകയിരുത്തിയത്.
എട്ട് കിലോവാട്ട് വൈദ്യുതി ഉത്പാദന ശേഷിയുള്ള സൗരോർജപ്ലാന്റാണ് പഞ്ചായത്തിൽ സ്ഥാപിക്കുന്നത്. ഓൺഗ്രിഡ് സംവിധാന പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. പാനലുകൾവഴി ഉത്പാദിപ്പിക്കുന്ന സൗരവൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകി തത്തുല്യമായ അളവ് വൈദ്യുതി ഗ്രിഡിൽനിന്ന് ഉപയോഗിച്ച് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതാണ് ഓൺ ഗ്രിഡ് പദ്ധതി. ഗ്രിഡിലേക്ക് നൽകുന്ന
വൈദ്യുതിക്ക് ആനുപാതികമായ തുക ബില്ലിൽ കുറവുചെയ്യും. സർക്കാർ അക്രെഡിറ്റഡ് ഏജൻസിയായ അനർട്ട് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
*പ്രതിദിനം 30 മുതൽ 32 യൂണിറ്റ് വരെ വൈദ്യുതി
പദ്ധതി പ്രകാരം പ്രതിദിനം 30 മുതൽ 32 യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. നിലവിൽ പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായിക്കഴിഞ്ഞു. ഇനി അനുബന്ധ കാര്യങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഉടനെ നടപടികൾ പൂർത്തിയാക്കി വൈദ്യുതി ഉത്പാദനം തുടങ്ങും. ഭാവിയിൽ പൂർണമായും സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്തായി മാറാനാണ് ശ്രമം.
സോളാർപാനൽ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പള്ളി എം.എൽ.എ നിർവഹിച്ചു. കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സിന്ധു അരവിന്ദ്, പി.വി. സുനിൽ, ജിജി ശെൽവരാജ്, എം.വി. സാജു, മായാ കൃഷ്ണകുമാർ, ശശികല രമേഷ്, ബിന്ദു കൃഷ്ണകുമാർ, സിനി എൽദോ, സന്ധ്യ രാജേഷ്, ഹരിഹരൻ പടിക്കൽ, നിത പി.എസ്, മരിയ മാത്യു, അസി. സെക്രട്ടറി ആർ. ഗോപകുമാർ, ലൈല ബീഗം തുടങ്ങിയവർ പങ്കെടുത്തു.