പറവൂർ: ഭാരതത്തിലെ സ്ത്രീകൾ തങ്ങളുടെ സംസ്ക്കാരത്തിൽനിന്ന് ശക്തിയാർജിക്കണമെന്ന് തപസ്യ കലാസാഹിത്യവേദി സംസ്ഥാനസമിതി അംഗം ഡോ. വി. സുജാത പറഞ്ഞു. പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ബാലഗോകുലം സംസ്ഥാന ഭഗിനി ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംസ്കാരം, മനുഷ്യസമൂഹം, സ്ത്രീ എന്നീ മേഖലകളിൽ ഭാരതത്തിന്റെ കാഴ്ചപ്പാട് ഏറെ സവിശേഷമാണ്. ലോകം ഭാരതത്തെ അംഗീകരിക്കപ്പെടുന്നത് ഈ സവിശേഷ സംസ്കാരത്തിന്റെ പേരിലാണ്. എന്നാൽ നാം അനുകരിക്കാൻ ശ്രമിക്കുന്നത് പാശ്ചാത്യസംസ്കാരമാണ്.
ഭാരതം ധർമത്തെയാണ് ആധാരമാക്കുന്നത്. സത്യാസത്യങ്ങളെ തിരിച്ചറിഞ്ഞ് സത്യത്തെ പരിപാലിക്കുന്ന ജീവിതരീതിയാണ് ധർമം. സത്യാന്വേഷിയായ മനുഷ്യൻ അതിനുള്ള പ്രാപ്തി നേടുന്നത് തിരിച്ചറിവിൽ നിന്നാണ്. ഭാരതത്തിലെ സ്ത്രീകൾ പിന്നാക്കം നിൽക്കുന്നവരാണ്. മുന്നോട്ടുവരാൻ പ്രാപ്തിയില്ലാത്തവരാണെന്ന് നാം എങ്ങനെയോ ധരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ചരിത്രവും ഇതിഹാസങ്ങളും പറയുന്നത് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുന്നേതന്നെ ഭാരതത്തിൽ സ്ത്രീകൾ തങ്ങളുടെ സ്വത്വം, ശക്തി, സമാധികാരം എന്നിവ തിരിച്ചറിഞ്ഞ് ജീവിച്ചിരുന്നുവെന്നാണ്. അവരിൽനിന്ന് ഊർജമുൾക്കൊണ്ട് ഭഗിനിമാർ സമൂഹത്തിന് വെളിച്ചമാകണമെന്നും ഡോ. സുജാത പറഞ്ഞു.. ഉദ്ഘാടന സഭയിൽ ബാലഗോകുലം സംസ്ഥാന ഭഗിനി പ്രമുഖ സുധാദേവി അദ്ധ്യക്ഷത വഹിച്ചു.
ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് ആർ. പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തി. ഏഴ് ദിവസത്തെ ശില്പശാലയിൽ അഞ്ഞൂറിലധികംപേർ പങ്കെടുക്കും.