
ആലുവ: എടത്തല ഗ്രാമപഞ്ചായത്തിലെ വാർഡ് 12, 13 പ്രദേശങ്ങൾ ഉൾപ്പെടുന്ന തേവയ്ക്കൽ ഭാഗത്തെ തകർന്ന റോഡുകൾ അറ്റകുറ്റപ്പണി നടത്താത്തതിനെതിരെ പ്രതിഷേധം വ്യാപകമായി. മണലിമുക്ക്, ശിവഗിരി, ആലംമ്പിള്ളി, ശിവഗിരി കൈലാസ് കോളനി തുടങ്ങിയ റോഡുകളാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്.
നിരവധി സ്‌കൂൾ വാഹനങ്ങളും ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും പോകുന്ന റോഡാണിത്. ഓട്ടോറിക്ഷകൾ ഓട്ടം വിളിച്ചാൽ വരാൻ പോലും മടിക്കുന്നു. വാഹനങ്ങൾ തകരാറിലാകുമെന്നാണ് ഡ്രൈവർ പറയുന്നത്. അത്യാഹിതമുണ്ടായാൽ ആംബുലൻസിന് പോലും പോകണമെങ്കിൽ പ്രയാസമാണ്. കാൽനടയാത്രക്കാരും പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. റോഡ് തകർന്നിട്ടും ജനപ്രതിനിധികളും തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
സമരത്തിനൊരുങ്ങി ബി.ജെ.പി
തേവക്കൽ മേഖലയിലെ റോഡുകൾ ഉടൻ പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എടത്തല വെസ്റ്റ് പഞ്ചായത്ത് കമ്മിറ്റി സമരം സംഘടിപ്പിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുംപടന്ന യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിബു ജോസഫ്, ജി.പി. രാജൻ, എ. അജയകുമാർ, രാധാകൃഷ്ണൻ പാറപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.