കൊച്ചി: ബഫർസോൺ വിഷയത്തിൽ കൊച്ചി കോർപ്പറേഷൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് ടി.ജെ.വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. ബഫർസോണിൽ ഏതെങ്കിലും ജനവാസകേന്ദ്രങ്ങളോ നിർമ്മിതികളോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനുവരി 7ന് മുമ്പായി വനം വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ട്. ഇതിനായി വാർഡ് അംഗ, വനം,വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർ എന്നിവരടങ്ങുന്ന സമിതി രൂപീകരിക്കണമെന്നും നിർദ്ദേശമുണ്ട്. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്കാണ്. എന്നാൽ
ഇതുമായി ബന്ധപ്പെട്ട് യാതൊരു മുന്നൊരുക്കവും കോർപ്പറേഷൻ നടത്തിയിട്ടില്ലെന്ന് എം.എൽ.എ കുറ്റപ്പെടുത്തി. ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിന് ഇനി ഒമ്പത് പ്രവൃത്തി ദിനങ്ങൾ മാത്രമാണുള്ളത്. അതിനാൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ മേയറോട് അഭ്യർത്ഥിച്ചു.