കൊച്ചി: വൈപ്പിൻ - മുനമ്പം തീരസംരക്ഷണത്തിനും വികസനത്തിനുമായി ഐ.ഐ.ടി മദ്രാസ് തയ്യാറാക്കിയ സമഗ്രപഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. 6 പഞ്ചായത്തുകളിലായി 3 മത്സ്യബന്ധനഗ്രാമങ്ങളും 15 ൽപ്പരം പുലിമുട്ടുകളും സംരക്ഷണഭിത്തി ശക്തിപ്പെടുത്തലുമാണ് റിപ്പോർട്ടിലെ മുഖ്യശുപാർശ. ഐ.ഐ.ടി മദ്രാസ് ഓഷ്യൻ എൻജിനിയറിംഗ് വിഭാഗം പ്രൊഫസർ എമരിറ്റസ് ഡോ. വി. സുന്ദറിന്റെ നേതൃത്വത്തിലാണ് വിശദമായ പഠനറിപ്പോർട്ട് തയ്യാറാക്കിയത്. മന്ത്രി പി. രാജീവ്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, മുൻമന്ത്രി എസ്. ശർമ്മ, കെ.എസ്.സി.എ.ഡി.സി എം.ഡി ഷേഖ് പരീത്, ജില്ലാവികസന കമ്മീഷണർ ചേതൻകുമാർ മീണ, തീരശോഷണം നേരിടുന്ന 6 പഞ്ചായത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ റിപ്പോർട്ടിന്മേൽ ചർച്ച നടത്തി.

സംസ്ഥാനത്തിന്റെ പ്രധാനവരുമാനമാർഗമായി ടൂറിസം മാറുന്ന സാഹചര്യത്തിൽ തീരദേശത്തിന്റെ സംരക്ഷണം ഏറെ പ്രധാനമാവുകയാണെന്നും കടൽത്തീരങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം പ്രദേശവാസികളുടെ ജീവിതനിലവാരം ഉയർത്താനും സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുമുള്ള സമഗ്രപദ്ധതി സംസ്ഥാനത്തുതന്നെ ആദ്യമാണെന്നും എം.എൽ.എ പറഞ്ഞു. ശുപാർശകളെക്കുറിച്ച് ഷേഖ് പരീത് വിശദീകരിക്കുകയും തദ്ദേശസ്വയംഭരണ പ്രതിനിധികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.

*പദ്ധതിചെലവ്

₹ 250 മുതൽ 300 കോടി വരെ


പദ്ധതിയുടെ പ്രയോജനം



*ജനപ്രധിനികൾ മുഖ്യമന്ത്രിയെ കാണും

സമഗ്രപദ്ധതി റിപ്പോർട്ടിനെ ജനപ്രതിനിധികൾ സ്വാഗതംചെയ്തു. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങി സമയബന്ധിതമായി പൂർത്തിയാക്കാൻ അടിയന്തര നടപടികൾ വേണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ആറ് പഞ്ചായത്തുകളിലെ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധിസംഘം മുഖ്യമന്ത്രിയെ കാണും.

ബഡ്ജറ്റ് ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ ഈ റിപ്പോർട്ട് സമർപ്പിച്ചത് സമയോചിതമായി. ചെല്ലാനം മാതൃകയിൽ സമയബന്ധിതമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

മന്ത്രി പി.രാജീവ്