ആലുവ: ആലുവ - മൂന്നാർ നാലുവരിപ്പാത വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്ന വാടകക്കെട്ടിടത്തിൽ ഉൾപ്പെടെ വ്യാപാരം നടത്തുന്ന വ്യാപാരികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപനസമിതി അശോകപുരം, ചുണങ്ങംവേലി യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.എച്ച്. അബ്ദുൽസലാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി.
ജില്ല പുനരധിവാസ ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ ഷാജഹാൻ അബ്ദുൽ ഖാദർ സമരപരിപാടികൾ വിശദീകരിച്ചു. ഏകോപനസമിതി ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ. മധു, ജനറൽ സെക്രട്ടറി ടോമി വർഗീസ്, ട്രഷറർ അജ്മൽ കാമ്പായി, ബാബു പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി ചെയർമാനായി ടോമി വർഗീസ് ചുണങ്ങംവേലിയെയും ജനറൽ കൺവീനറായി എ.എച്ച്. അബ്ദുൽസലാമിനെയും തിരഞ്ഞെടുത്തു. വൈസ് ചെയർമാൻമാരായി ബാബു പുലിക്കോട്ടിൽ, അജയ് സ്റ്റാൻലി, കൺവീനർമാരായി ടി. വി. ബേബി, വർക്കി തറയിൽ എന്നിവരെയും തിരഞ്ഞെടുത്തു.