ആലുവ: റൂറൽ ജില്ലയിലെ പുതുവത്സാരാഘോഷം പൊലീസ് നിരീക്ഷണത്തിലായിരിക്കും. ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ 1500 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിംഗ് സംഘങ്ങളുണ്ടാകും. പ്രധാന സ്ഥലങ്ങളിൽ മഫ്ടി പൊലീസിന്റെ സാന്നിദ്ധ്യമുണ്ടാകും.
മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല.
ഡി.ജെപാർട്ടികളും മറ്റും പൊലീസ് നിരീക്ഷണത്തിലായിരിക്കും. പാർട്ടികളിൽ പങ്കെടുക്കുന്നവർ തിരിച്ചറിയൽ കാർഡ് കരുതണം. പങ്കെടുക്കുന്നവരുടെ പേര് വിവരം ഉൾപ്പെടെ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നില്ലെന്ന് സംഘാടകർ ഉറപ്പ് വരുത്തണം. പരിപാടികൾ നടത്തുന്നവർ ഡിവൈ.എസ്.പി ഓഫീസിൽനിന്ന് മുൻകൂർ അനുവാദം വാങ്ങണം. ബന്ധപ്പെട്ട സ്റ്റേഷനുകളിലും വിവരം നൽകണം. പൊലീസിന്റെ നിർദേശങ്ങൾക്കനുസൃതമായിട്ടായിരിക്കണം പരിപാടികൾ സംഘടിപ്പിക്കേണ്ടത്. മദ്യവും മയക്കുമരുന്നും പിടികൂടുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ അതിർത്തികളിൽ പ്രത്യേക പരിശോധനയുണ്ടാകും.
പോക്കറ്റടിക്കാർ, പിടിച്ചു പറിക്കാർ, ലഹരി വില്പനക്കാർ, ഗുണ്ടകൾ തുടങ്ങിയ മുൻകാല കുറ്റവാളികളും സാമൂഹ്യവിരുദ്ധരും, വിവിധ കേസുകളിൽ ജാമ്യമെടുത്തിട്ടുള്ളവരും പൊലീസ് നിരീക്ഷണത്തിലാണ്.