പെരുമ്പാവൂർ: മലയാറ്റൂർ നക്ഷത്രത്തടാകം മെഗാ കാർണിവലിന്റെ പ്രധാന ആകർഷണമായ കൂറ്റൻക്രിസ്മസ് പാപ്പയെ കാണാൻ ദിനംപ്രതി എത്തുന്നത് പതിനായിരങ്ങളാണ്. കാർണിവലിൽ ജനങ്ങളെ കൂടുതൽ ആകർഷിക്കുന്നത് തലഉയർത്തി നിൽക്കുന്ന 70 അടി ഉയരത്തിലുള്ള പപ്പാഞ്ഞിയാണ്. ഈ കൂറ്റൻ ക്രിസ്മസ് പാപ്പയെ നിർമ്മിച്ചത് കാലടി സ്വദേശിയായ കലേഷ് നേത്രയാണ്.
പ്ളാസ്റ്റിക്ക് ഉപയോഗം പൂർണമായും മാറ്റിവച്ചുകൊണ്ട് കത്തിയമരുന്ന പുല്ലും വൈക്കോലും ചണച്ചാക്കും ചാക്കുനൂലും കയറും മുളന്തണ്ടുകളും ചൂളക്കഴകളും കഴകളെ ബന്ധിപ്പിക്കാൻ ആണിയും കെട്ടുകമ്പികളും ബലത്തിനായി രണ്ടു ജി.ഐ പൈപ്പുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. വസ്ത്രത്തിനായി 239 മീറ്റർ വെൽവെറ്റ് തുണികളും അകത്തു കോട്ടൺ ക്ളോത്തുമാണ് ഉപയോഗിച്ചിരിക്കുന്നത്.
നവംബർ 23ന് 12 പ്രവർത്തകരോടൊപ്പമാണ് കലേഷ് പപ്പാഞ്ഞിയുടെ നിർമ്മാണം ആരംഭിച്ചത്. രാത്രിയും പകലുമായി 32 ദിവസമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്. വസ്ത്രാലങ്കാരം നിർവഹിച്ചത് കോസ്റ്റ്യൂമറായ കണ്ണൂർ സ്വദേശി കുക്കു ജീവനാണ്.
80 അടി ഉയരത്തിൽ പൊക്കാവുന്ന രണ്ടു ക്രെയിനുകൾ ഉപയോഗിച്ച് 70 അടി ഉയരമുള്ള പാപ്പാഞ്ഞിയെ ഉയർത്തിനിറുത്തി ചുറ്റിനും സ്റ്റേകമ്പികൾ വലിച്ചു കെട്ടിയിട്ടുണ്ട്. നക്ഷത്രത്തടാകത്തോട് അഭിമുഖമായാണ് പപ്പാഞ്ഞി നിൽക്കുന്നത്. കൈയിൽ മൊബൈൽഫോൺ പിടിച്ച് നക്ഷത്രത്തടാകത്തിന്റെ സെൽഫി എടുക്കുന്ന വിധത്തിലുള്ള പപ്പാഞ്ഞിയാണ് ഈ വർഷത്തെ തീം. മൊബൈൽ ഫോണിലെ ലൈറ്റ് സെൽഫി എടുക്കുന്നതുപോലെ മിന്നിക്കൊണ്ടിരിക്കും.
31ന് അർദ്ധരാത്രി റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പപ്പാത്തിയെ അഗ്‌നിക്കിരയാക്കി പുതുവർഷത്തെ വരവേറ്റ് നക്ഷത്രത്തടാകം മെഗാ കാർണിവൽ സമാപിക്കും.
മലയടിവാരത്ത് 110 ഏക്കർ വിസ്തൃതിയുള്ള മണപ്പാട്ടുചിറയ്ക്കു ചുറ്റുമായി 10036 നക്ഷത്രങ്ങളാണ് ഞായറാഴ്ച ഉയർന്നത്.